കൊച്ചി: കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ഓൺലൈൻ പഠന രീതി വിദ്യാർത്ഥികളുടെ സ്വഭാവത്തിലും അച്ചടക്കത്തിലും ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ മുൻകൂട്ടി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജയ്‌സൺ ജോസഫ് പറഞ്ഞു. മൊബൈൽ ഫോൺ സ്വതന്ത്രമായി ഉപയോഗിക്കാൻ അവസരം ലഭിക്കുന്ന ടീനേജ് പ്രായക്കാരായ കുട്ടികൾ അപകടകരമായ ഗെയ്മുകളിലും അശ്ലീല സൈറ്റുകളിലും അടിമപ്പെടാൻ സാധ്യതയുണ്ടെന്നും ജയ്‌സൺ ജോസഫ് ചൂണ്ടി കാണിച്ചു. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള അദ്ധ്യാപനത്തിന്റെ തുടർച്ചയായി അദ്ധ്യാപകർ നൽകേണ്ട നോട്ട്‌സിന്റെ പകർപ്പ് എല്ലാ കുട്ടികൾക്കും നൽകാനുള്ള പ്രായോഗിക സംവിധാനം ഉണ്ടാകണമെന്നും അതിന്റെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ജയ്‌സൺ ജോസഫ് ആവശ്യപ്പെട്ടു.