പിറവം : ഭാര്യ അജിതയെയും മക്കളായ അശ്വിനിയേയും അശ്വിനേയും തനിച്ചാക്കി കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ശശി മടങ്ങി. മണീടിലെ പാറമട അപകടത്തിൽ മരിച്ച ശശിക്ക് നാട്ടുകാർ അന്ത്യയാത്ര നൽകി.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ മണീട് പാമ്പ്ര കാട്ടാംപ്പിള്ളിൽ ശശിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം വീട്ടിലെത്തിച്ചു. മൂന്നരയോടെ എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
അനൂപ് ജേക്കബ് എം.എൽ.എ., ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എൻ. സുഗതൻ, ആശാ സനൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, തുങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
അപകടത്തിൽ മരിച്ച പശ്ചിമബംഗാൾ സ്വദേശി ദീപക് നേത്രയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. മൃതദേഹം ജനറൽ ആശുപത്രിയിൽ എബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
പാറമടയിൽ മെെനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും പൊലീസും വിശദ പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ക്വാറിയുടെ പ്രവർത്തനമെന്ന് സംഘം വിലയിരുത്തി. തകർത്തുപെയ്ത മഴയാണ് പാറ താഴേക്ക് വീഴാൻ ഇടയാക്കിയതെന്നാണ് നിഗമനമെന്ന് പിറവം സി.എെ. എം. അജയമോഹൻ അറിയിച്ചു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് പതിനായിരം രൂപ അടിയന്തര സഹായം നൽകി. പാറമടയുടെ പ്രവർത്തനം നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. അപകടം സംബന്ധിച്ച് ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഡയമണ്ട് ഗ്രാനൈറ്റ്സ് എന്ന പാറമടയ്ക്ക് മാർച്ച് 31 മുതൽ മണീട് ഗ്രാമപഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ഉടമകൾ ഹൈക്കോടതി ഉത്തരവു പ്രകാരം ജൂൺ രണ്ടുവരെ പ്രവർത്തനാനുമതി നൽകിയതായി ആർ.ഡി.ഒ അറിയിച്ചു.