കൊച്ചി: മൊറട്ടോറിയം നിലനിൽക്കെ സ്വർണ്ണ പണയമുൾപ്പടെ വായ്പകളുടെ തിരിച്ചടവിനായി ഉപഭോക്താക്കളെ നിർബന്ധിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ ലോക്ക്ഡൗൺ എല്ലാ വിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച മൊറോട്ടറിയവും മറ്റ് ഇളവുകളും കാറ്റിൽ പറത്തിയാണ് സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ പിഴിയുന്നത്. സംസ്ഥാന സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകാത്തതാണ് സ്വകാര്യ ധനസ്ഥാപന മുതലാളിമാർ ഇത്തരം നീക്കങ്ങൾക്ക് മുതിരാൻ കാരണം. പലിശ നിർബന്ധമായും അടക്കണമെന്നും സിബിൽ റേറ്റിംഗ് കുറയുമെന്നും പറഞ്ഞ് ഭയപ്പെടുത്തി വട്ടിപ്പലിശക്കാരുടെ തലത്തിലേക്ക് താഴ്ന്ന് പണം പിരിക്കുകയാണ് ചില സ്ഥാപനങ്ങൾ..
കേന്ദ്ര സഹായമായ ഗരീബ് കല്യാൺ ആനുകൂല്യങ്ങൾ ഇടതുപക്ഷ യൂണിയനുകളിലെ ഉദ്യോഗസ്ഥർ തടഞ്ഞ സംഭവങ്ങളിൽ ബി.ജെ.പി പ്രതിഷേധം വിജയം കണ്ടു. അർഹതപ്പെട്ടവർക്ക് സഹായം എത്തിച്ചു കൊടുക്കാൻ സമരം ഗുണം ചെയ്തു.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്ര സർക്കാരിനും ധനമന്ത്രാലയത്തിനും ബി.ജെ.പി കത്തയക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് സമര പരിപാടിക്ക് ബി.ജെ.പി നേതൃത്വം നൽകും.
ആനൂകൂല്യങ്ങൾക്ക് തടസം നിൽക്കുന്നവർക്കെതിരെ പരാതിപ്പെടാൻ ജനങ്ങൾ തയ്യാറാവണമെന്നും നീതി ലഭ്യമാക്കാൻ ബി.ജെ.പി ജില്ല ഘടകം ഒപ്പമുണ്ടാവുമെന്നും എസ്. ജയകൃഷ്ണൻ ഉറപ്പ് നൽകി.