വൈപ്പിൻ : മൂലമ്പിള്ളി - പിഴലപ്പാലത്തിന്റെ ഉദ്ഘാടനം 22ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജിഡ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന മൂലമ്പിള്ളി ചാത്തനാട് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് പ്രധാന പാലങ്ങളിൽ ഒന്നാണ് ഇത് . കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണചുമതല.
പാലത്തിന്റെ പ്രയോജനം പിഴല ദ്വീപ് നിവാസികൾക്ക് ലഭ്യമാക്കുന്നതിനായുള്ള പിഴല കണക്ടിവിറ്റി പാലത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. 104 മീറ്റർ നീളം വരുന്ന പിഴല കണക്ടിവിറ്റി പാലത്തിന് 7.5 മീറ്റർ വീതിയും നടപ്പാതയുമുണ്ട്. 14.50 കോടി രൂപ ചെലവിലാണ് ഈ നിർമ്മാണം നടത്തിയിട്ടുള്ളത്. കണക്ടിവിറ്റി പാലം മുതൽ പിഴല പഞ്ചായത്ത് റോഡ് വരെയുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ പദ്ധതിയുടെ ഗുണഫലം പൂർണതോതിൽ ദ്വീപ് നിവാസികൾക്ക് ലഭ്യമാകും. ഈ പ്രവൃത്തിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ ജോലി അന്തിമഘട്ടത്തിലാണ്.
പിഴല ചേന്നൂർ ചരിയംതുരുത്ത് റോഡ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടതാണ് നിർദിഷ്ട പിഴല അപ്പ്രോച്ച് റോഡ്. സർക്കാർ അക്രെഡിറ്റഡ് ഏജൻസിയായ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.