കൊച്ചി: വൈൻ കണ്ടെത്താനാകാത്ത സംഭവത്തിൽ ഉദയംപേരൂർ എസ്.ഐ. ഉൾപ്പെടെ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഉദയംപേരൂർ എസ്.ഐ. ബാബു മാത്യു, എ.എസ്.ഐ.മാരായ എം.ജി. സന്തോഷ്, രാജേഷ്, ഡ്രൈവർ ടിറ്റോ എന്നിവർക്കാണ് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തെക്കൻ പറവൂരിൽ വീട്ടിൽ വീര്യം കൂടിയ വൈൻ അനധികൃതമായി നിർമ്മിച്ച് വിൽപ്പന നടക്കുന്നുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം മേയ് 24ന് ഉദയംപേരൂർ പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും വൈൻ കണ്ടെത്താനായില്ല. എന്നാൽ തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയും വീര്യം കൂടിയ വൈൻ പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 30 ലിറ്റർ വൈനാണ് എക്‌സൈസ് പിടിച്ചെടുത്തത്.
പൊലീസിന് വീഴ്ച പറ്റിയതോടെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും കൃത്യനിർവഹണത്തിൽ പൊലീസുകാർ വീഴ്ച വരുത്തിയാതായി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് റിപ്പോർട്ട് നൽകി. സാഖറെയുടെ നിർദ്ദേശ പ്രകാരം അഡിഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്.