തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലും കേരളത്തില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ജൂണ്‍ അഞ്ച് വെള്ളിയാഴ്ച എട്ട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണിത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.ശനിയാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്. ജൂണ്‍ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.