കോലഞ്ചേരി: മേഖലയിൽ സർവീസ് ആരംഭിച്ച സ്വകാര്യബസുകൾ യാത്രക്കാരുടെ അഭാവത്തിൽ സർവീസ് നിർത്തുന്നു .ഇന്ന് വൈകിട്ട് സർവീസ് നിർത്താനാണ് തീരുമാനം.കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് മാസത്തിലേറെയായി ഓട്ടം നിർത്തിവെച്ചിരുന്ന ബസുകൾ കഴിഞ്ഞ മാസം 21 നാണ് സർവീസ് തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങളോടെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളെ കയറ്റി, ബസ് ചാർജ് വർദ്ധിപ്പിച്ച് ഓട്ടം തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ചയോടെ മുഴുവൻ സീറ്റിലും ആളെ കയറ്റാമെന്ന നിർദ്ദേശം വന്നതോടെ ചാർജ് കുറച്ചു. ആദ്യം വിരലിലെണ്ണാവുന്ന ബസുകളാണ് നിരത്തിലിറങ്ങിയതെങ്കിൽ തിങ്കളാഴ്ച മുതൽ മേഖലയിലെ 46 ബസുകളും സർവീസ് തുടങ്ങി.

# യാത്രക്കാർ കുറവ്

അന്തർജില്ലാ സർവീസുകൾക്ക് അനുമതി ലഭിച്ചതോടെ ചൊവ്വാഴ്ച മുതൽ കൂടുതൽ ബസുകൾ സർവീസ് ആരംഭിച്ചു.എന്നാൽ യാത്രക്കാർ കുറവായതുകാരണം പല ബസുകളും ട്രിപ്പുകൾ വെട്ടിക്കുറച്ചു.

അപരിചിതരോടൊത്ത് യാത്രചെയ്യാൻ ആരും ആഗ്രഹിക്കാത്തതിനാൽ മിക്കവരും ഇരുചക്ര, സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗതാഗതത്തിന് സ്വകാര്യബസുകളെ കൂടുതലായി ആശ്രയിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ തിരിച്ചു പോയതും തിരിച്ചടിയായി.

#നഷ്ടം മാത്രം

ശരാശരി രണ്ടായിരം രൂപയാണ് ഓടിയ ബസുകൾക്ക് കളക്ഷൻ ഇനത്തിൽ ലഭിച്ചത്. പ്രതിദിനം 4500 മുതൽ 5000 രൂപ വരെയാണ് ബസുകൾക്ക് ഡീസൽ നിറയ്ക്കാൻ ആവശ്യമായിട്ടുള്ളത്.ജീവനക്കാരുടെ ശമ്പളമിനത്തിൽ രണ്ടായിരത്തോളം രൂപയാകും. ഉടമയുടെ കൈയിൽനിന്ന് പണം ഇറക്കിയാണ് ബസുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഓടിയത്.നഷ്ടം കനത്തതോടെ ഭൂരിഭാഗം ബസുകളും വെള്ളിയാഴ്ചയോടെ നിർത്തി.

#സർവീസ് നിർത്തുകയല്ലാതെ മറ്റു വഴിയില്ല

കൊവിഡ് നിയന്ത്രണങ്ങൾ പകുതി സീറ്റിൽ യാത്രക്കാരുമായി ബസോടിയപ്പോൾ 300- 500 വരെ മിച്ചം കിട്ടിയ ബസുകൾക്ക് തിങ്കളാഴ്ച മുതൽ 200-500 രൂപ വരെ കൈയ്യിൽ നിന്നും കൊടുത്താണ് സർവീസ് നടത്തിയത്. ഇനിയും നഷ്ടം സഹിക്കാൻ വയ്യ, സർവീസ് നിർത്തുകയല്ലാതെ മറ്റു വഴിയില്ല.

ജി.വിനോദ് കുമാർ, മേഖല പ്രസിഡന്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം.