dam

കൊച്ചി : കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെത്തുടർന്ന് ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മഴക്കാലത്തിനു മുമ്പ് ഡാമുകളിൽ ജലനിരപ്പ് ഉയർന്നെന്ന വാർത്തകളെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് വിശദീകരണം.

ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ഇറിഗേഷൻ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ പി.എസ്. കോശിയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കിൽ പ്രളയം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തത് 2018 - 2019 ലെ പ്രളയത്തിന് ഒരു കാരണമാണെന്ന നിഗമനം സെൻട്രൽ വാട്ടർ കമ്മിഷന്റെ റിപ്പോർട്ടിന് വിരുദ്ധമാണ്. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതിരുന്നതാണ് പ്രളയത്തിനൊരു കാരണമെന്ന ജഡ്ജിയുടെ കത്തിലെ പരാമർശം ശരിയല്ലെന്നും ഇൗ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.

സ്റ്റേറ്റ്മെന്റിൽ നിന്ന്

 ഡാം അധികൃതരും ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രത പാലിക്കുന്നുണ്ട്.

 കഴിഞ്ഞ പ്രളയത്തിന് കാരണം മൂന്നുദിവസത്തെ കനത്ത മഴയാണ്.

 കേരളത്തിൽ പ്രളയത്തെ നിയന്ത്രിക്കാൻ മാത്രമായി ഡാമുകളില്ല.

 ഇവിടെ കാർഷികാവശ്യങ്ങൾക്ക് ഉൾപ്പെടെ ഡാമിലെ ജലം വിനിയോഗിക്കേണ്ടതുണ്ട്.

 ഇതിനാൽ പരമാവധി ജലം സംഭരിക്കേണ്ടി വരും.

 ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 62.7 ശതമാനം വെള്ളമുണ്ട്.

 മറ്റു ഡാമുകളിൽ സംഭരണശേഷിയുടെ 37.3 ശതമാനം വെള്ളം മാത്രമാണുള്ളത്.