കോലഞ്ചേരി: നെൽക്കൃഷിക്ക് നിലവും കർഷകരും ഒരുങ്ങിയിട്ടും തൊഴിലാളിക്ഷാമം വലയ്ക്കുന്നു. നടീലിനായി തയ്യാറാക്കിയ ഞാറ്റടികൾ മൂപ്പെത്തിയിട്ടും വലിച്ചെടുക്കാനോ നടാനോ ആയിട്ടില്ല. കൃഷിക്ക് തൊഴിലാളിക്ഷാമം ഉണ്ടാകാതെ നോക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായതുമില്ല. തൊഴിലുറപ്പ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു. നേരത്തെ തൊഴിലാളിക്ഷാമം മുന്നിൽകണ്ട് കൃഷിവകുപ്പ് പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കർഷകരോട് സാദ്ധ്യമായ പാടങ്ങളിൽ പൊടിവിത നടത്താൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് കൂടുതൽ കർഷകർ പൊടിവിതയ്ക്ക് തയ്യാറായി. എന്നാൽ താഴ്ചപ്പാടങ്ങളിലും ജലസാന്നിദ്ധ്യം കൂടുതലുള്ള പാടങ്ങളിലും കർഷകർക്ക് നടീലല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത സ്ഥിതിയാണ്. ഇവിടങ്ങളിലാണ് നടീൽ പരിചയമുള്ള തൊഴിലാളികളെ ആവശ്യമായിവരുന്നത്.
#ദുരിതത്തിലായി കർഷകർ
മേഖലയിലെ കടയ്ക്കനാട്, പെരുവുംമൂഴി, മഴുവന്നൂർ, പാലയ്ക്കാമറ്റം മേഖലകളിലെ കർഷകരാണ് ദുരിതത്തിൽ.നടീൽ നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക് തിരികെപ്പോയി. കർഷക തൊഴിലാളി സ്ത്രീകളിൽ ഏറെയും തൊഴിലുറപ്പ് സംഘങ്ങളിൽ അംഗങ്ങളായതോടെ നടീലിന് കിട്ടാതെയുമായി. ഈ സാഹചര്യത്തിൽ തൊഴിലുറപ്പിൽ നെൽക്കൃഷി നിർബന്ധമാക്കണമെന്ന ആവശ്യവുമായി കർഷകർ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
#പണിയെടുക്കാൻ അന്യസംസ്ഥാന തൊഴിലാളികളില്ല
തൃശൂർ ജില്ലയിലെ ചാവക്കാട് കേന്ദ്രീകരിച്ച് നടീലറിയാവുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഒരു ചെറിയസംഘം പ്രവർത്തിക്കുന്നുണ്ട്. ഒരു ഏക്കർ നിലം നടാൻ 4,200 രൂപയാണു കൂലി. 10 ഏക്കർ 12 പേർ ചേർന്നു 2 ദിവസം കൊണ്ടു നടും. രാവിലെ 5 ന് പാടത്തെത്തിയാൽ ഇരുട്ടുംവരെ പണി. ബംഗാളിലേക്ക് മടങ്ങിയ ചില നടീൽ തൊഴിലാളികൾ തിരിച്ചെത്താൻ താത്പര്യം പ്രകടിപ്പിച്ച് കർഷകരെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ കൊവിഡ് പ്രതിരോധ നിബന്ധനകൾ തിരിച്ചെത്താനുള്ള ഇവരുടെ ശ്രമങ്ങൾക്ക് തടസമാവുകയാണ്.