കൊച്ചി: അന്തർജില്ലാ സർവീസുകൾ പുനരാരംഭിച്ചെങ്കിലും കെ.എസ്.ആർ.ടി.സിയുടേയും സ്വകാര്യ ബസുകളുടേയും ഓട്ടം നഷ്ടത്തിൽ. യാത്രക്കാരുടെ കുറവ് വൻ തിരിച്ചടിയായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ്. എന്നാൽ, കൊവിഡ് ഭീതിയാണ് പലരേയും പൊതു ഗതാഗത്തിൽ നിന്നും അകറ്റി നിർത്തുന്നത്. കൂടുതൽ യാത്രക്കാരെ കയറ്റാനാകാത്തതും തിരിച്ചടിയായി. 2000 രൂപയിലധികമാണ് പ്രതിദിന നഷ്ടം. സിറ്റി ബസുകളുടെ ഓട്ടവും 700-1000 രൂപ നഷ്ടത്തിലാണ്. ജില്ലാന്തര സർവീസുകൾ നടത്തുന്ന സ്വകാര്യ ബസുകളിൽ പകുതി വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഇവയിൽ പലതും വരുമാന നഷ്ടം മൂലം സർവീസ് അവസാനിപ്പിക്കുകയാണ്.
വൻ നഷ്ടം
നിലവിൽ അന്തർജില്ലാ ബസ് സർവീസുകളിൽ 3000 - 4000 രൂപ ഡീസലിനും 1900- 2200 രൂപ വേതനവും നൽകിയാൽ ബസ് ഉടമകൾക്ക് ഇന്ധന ചെലവ് പോലും ലഭിക്കുന്നില്ല. കാക്കനാട്- ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് കഴിഞ്ഞ ദിവസത്തെ വരുമാന നഷ്ടം 2400 രൂപ ! നഷ്ടക്കയത്തിൽ നിന്നും കരകയറാൻ സാധിക്കില്ലെന്ന് പല ബസ് ഉടമകളും പറയുന്നു. ഉടമയ്ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ബസ് ഓടിക്കാൻ തൊഴിലാളികളും വിസമ്മതിക്കുകയാണ്. ഇളവുകളെ തുടർന്ന് 1100 ഓളം സ്വകാര്യബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. പഴയ നിരക്ക് വേണമെന്ന് സർക്കാർ പറഞ്ഞതോടെ പല ബസുകളും സർവീസ് നിർത്തി.
വരുമാനം ഇടിഞ്ഞു
കെ.എസ്.ആർ.ടി.സി 65 ബസ് സൂപ്പർഫാസ്റ്റ് ബസുകളാണ് വിവിധ ഡിപ്പോകളിൽ നിന്ന് അന്തർജില്ലാ സർവീസുകൾ നടത്തുന്നത്. ശരാശരി 5000- 6000 രൂപയാണ് വരുമാനം. ഗുരുവായൂർ, ആലപ്പുഴ, തൃശൂർ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സർവീസ്. നിലവിൽ 200 ഓർഡിനറി ബസുളും കെ.എസ്.ആർ.ടി.സി. ഓടിക്കുന്നുണ്ട്. യാത്രാക്കാരുടെ കുറവ് സർവീസുകളെ ബാധിച്ചു.എറണാകുളം ഡിപ്പോയിൽ പ്രതിദിനം രണ്ടു ലക്ഷത്തിൽ താഴെ മാത്രമാണ് വരുമാനം.
വി.എം. താജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം