കൊച്ചി: എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പത്തിലധികം റവന്യൂ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തു. വിരമിച്ച ഉദ്യോഗസ്ഥരെയും അടുത്ത ദിവസങ്ങളിൽ വിളിച്ചു വരുത്താനാണ് തീരുമാനം,
സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ വഴി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആദ്യ കേസ്. എന്നാൽ, റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ 89 ലക്ഷം രൂപ കൂടി നഷ്ടമായെന്ന് കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മറ്റൊരു കേസും രജിസ്‌റ്റർ ചെയ്‌തു.
ദുരിതബാധിതർക്ക് ലഭിച്ച ധനസഹായം സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തിരിച്ചടയ്ക്കേണ്ടി വന്നു. ഒരു കോടിയിലധികം രൂപയാണ് കളക്‌ടറേറ്റിൽ തിരികെ ലഭിച്ചത്. അതിൽ 89 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തി.
തട്ടിയെടുത്ത പണം ക്ളാർക്കായ വിഷ്ണുപ്രസാദ് എന്തു ചെയ്‌തെന്ന് ഇതുവരെ കണ്ടെത്താനായില്ല. ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ച വിഷ്ണുപ്രസാദിനെ കൂടുതൽ ചോദ്യം ചെയ്‌താലേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
ആദ്യ കേസിലെ പ്രതികളായ സി.പി.എം തൃക്കാക്കര മുൻ ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറും ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് മുൻ ഡയറക്‌ടറുമായ കൗലത്തും ഒളിവിലാണ്. വിഷ്ണുവിന് പുറമേ അറസ്‌റ്റിലായിരുന്ന സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ. നിധിൻ, ഭാര്യ ഷിന്റു, വിഷ്ണുവിന്റെ സുഹൃത്ത് മഹേഷ് എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു.
പണം തട്ടാൻ വിഷ്ണു വ്യാജ രസീതുകളും തയ്യാറാക്കി. ഇതിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പിട്ടിട്ടുണ്ട്. ഇവർക്കും തട്ടിപ്പിൽ നേരിട്ട് പങ്കില്ലെങ്കിലും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചില ഫയലുകളും കാണാനില്ല. ഇതോടെ കൂടുതൽ ഉദ്യാേഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.