പനങ്ങാട്: പുത്തൻപുരയിൽ പി.കെ.പങ്കജാക്ഷമേനോന് (77) മുടങ്ങിക്കിടന്ന 20 മാസത്തെ വ്യാപാരി വ്യവസായി ക്ഷേമപെൻഷൻ ഇന്നലെ എസ്.ബി.ഐ പനങ്ങാട് ശാഖ വഴി കിട്ടി. 1500 രൂപയാണ് പ്രതിമാസ പെൻഷൻ തുക.
പെൻഷൻ കുടിശികയ്ക്ക് വേണ്ടി പരാതിയുമായി നടന്ന് ചെരിപ്പു തേഞ്ഞകഥ കേരളകൗമുദി കഴിഞ്ഞമാസം 31ന് പ്രസിദ്ധീകരിച്ചിരുന്നു. 50 വർഷത്തിലേറെ പനങ്ങാട് ചായക്കട നടത്തി പ്രായധിക്യവും ആരോഗ്യപ്രശ്നങ്ങളും നിമിത്തം കച്ചവടം നിർത്തി വിശ്രമജീവിതത്തിലാണ് പങ്കജാക്ഷൻ. മറ്റ് വരുമാനമൊന്നുമില്ലാത്ത ഇദ്ദേഹത്തിന് തുടർച്ചയായി പെൻഷൻ മുടങ്ങിയത് ജീവിതത്തെ ഉലച്ചു. ക്ഷേമനിധി ആഫീസ് തിരുവനന്തപുരത്തായതിനാൽ അന്വേഷിച്ച് പോകാൻ പറ്റിയ ആരോഗ്യമോ സാമ്പത്തികമോ ഇല്ലാത്ത സാഹചര്യത്തിൽ വിഷമിച്ചിരിക്കുകയായിരുന്നു അദ്ദേഹം. കേരളകൗമുദിയിലൂടെ സങ്കടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ്
ഇന്നലെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുകയെത്തിയത്.