കൊച്ചി: ചെല്ലാനത്ത് കടലാക്രമണത്തെ ചെറുക്കാൻ പത്തു ദിവസത്തിനകം ജിയോ ബാഗ് ഉപയോഗിച്ച് താത്കാലിക കടൽഭിത്തി നിർമ്മിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു രേഖപ്പെടുത്തി സിംഗിൾബെഞ്ച് ഹർജി ജൂൺ 16 ന് പരിഗണിക്കാൻ മാറ്റി. കാലവർഷമെത്തുന്നതോടെ ചെല്ലാനം തീരത്ത് കടലാക്രമണം രൂക്ഷമാകുമെന്നും തങ്ങളുടെ ദുരിതം ഒഴിവാക്കാൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസിയായ ടി.എ.ഡാൽഫിൻ ഉൾപ്പെടെ ഏഴു പേർ നൽകിയ ഹർജിയിലാണ് സർക്കാർ തീരുമാനം. ചെല്ലാനത്തെ കടലാക്രമണം തടയാൻ ജിയോ ട്യൂബും ജിയോ ബാഗും ഉപയോഗിച്ച് താത്കാലിക കടൽഭിത്തി നിർമ്മിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വ്യക്തമാക്കി ഒാരോ കാലയളവിലും റിപ്പോർട്ട് നൽകാനും പറഞ്ഞിരുന്നു. എന്നാൽ ഒാരോ തവണയും കടൽഭിത്തി നിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിയാണ് സർക്കാർ റിപ്പോർട്ട് നൽകിയത്. മൺസൂൺ അടുത്ത സാഹചര്യത്തിൽ കാരണങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ടുകൾ പ്രസക്തമല്ലെന്നും കടൽക്ഷോഭത്തിൽ നിന്ന് നാട്ടകാരെ രക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്ന് മന്ത്രി തലത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ ജൂൺ രണ്ടിന് മന്ത്രി തലത്തിലും അടുത്ത ദിവസം ജലവിഭവ വകുപ്പു സെക്രട്ടറി തലത്തിലും ചർച്ച നടത്തിയെന്നും ജിയോ ബാഗുകൾ ഉപയോഗിച്ച് താത്കാലിക കടൽഭിത്തി നിർമ്മിക്കാൻ തീരുമാനം എടുത്തെന്നും സർക്കാർ അറിയിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹർജി ജൂൺ 16 ലേക്ക് മാറ്റിയത്.