നെടുമ്പാശേരി: പ്രളയ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ അടിയന്തിര നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

അണക്കെട്ടുകളിലെ വെള്ളം സമയാസമയങ്ങളിൽ സമയബന്ധിതമായി തുറന്നു വിടാതിരുന്നതാണ് 2018 ലെ മഹാപ്രളയത്തിന് ഇടയാക്കിയതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രളയത്തിൽ കുന്നുകര പഞ്ചായത്തിൽ ദുരിതാശ്വാസ കേന്ദ്രം തകർന്ന് വീണ് ആറ് ജീവനുകളാണ് നഷ്ടപ്പെട്ടത്. നൂറോളം പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പഞ്ചായത്തിലെ 428 വീടുകൾ പൂർണ്ണമായും 1200 വീടുകൾ ഭാഗി​കമായും തകർന്നു. പഞ്ചായത്തിലെ നല്ലൊരു ശതമാനം ജനങ്ങളും മാനസികമായും ശാരീരികമായും ബുദ്ധി​മുട്ടി​ലായി​.

ഡാം മാനേജ്‌മെന്റിന്റെ നിരീക്ഷണത്തിലും നിർവഹണത്തിലും സംഭവിച്ച കുറ്റകരമായ വീഴ്ച്ചയാണ് ദുരന്തത്തിനിടയാക്കിയതെന്നും ഫ്രാൻസിസ് ചൂണ്ടി​ക്കാട്ടി.

പതിറ്റാണ്ടുകളായി അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്നും, നദികളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്ത് നീരൊഴുക്ക് ശക്തിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.