കൊച്ചി : ദേവസ്വം ബോർഡിന്റെ ഭൂമി കൃഷിക്കായി പാട്ടത്തിനു നൽകില്ലെന്ന തീരുമാനത്തിനു വിരുദ്ധമായി ചങ്ങനാശേരി ഗ്രൂപ്പിലെ രണ്ടു ക്ഷേത്രങ്ങളുടെ വക ഭൂമിയിൽ ചിലർ കൃഷി ചെയ്യുന്നെന്ന ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജൂൺ 16 നകം സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ബോർഡിന്റെ ഭൂമി പാട്ടത്തിനു നൽകുന്നതും നിലവിളക്കുകൾ ലേലം ചെയ്യുന്നതും ചോദ്യം ചെയ്ത് ഹിന്ദു ഐക്യ വേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ചങ്ങനാശേരി ഗ്രൂപ്പിലെ വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രം, മോർക്കുളങ്ങര ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ ദേവസ്വം ഭൂമിയിൽ പുറത്തു നിന്നുള്ളവർ മരച്ചീനി കൃഷി ചെയ്യുന്നെന്നാണ് ഹർജിക്കാർ ആരോപിച്ചത്. ഇതു വ്യക്തമാക്കുന്ന ചിത്രങ്ങളും ഹാജരാക്കി. തുടർന്നാണ് സത്യവാങ്മൂലം നൽകാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ചിത്രത്തിൽ കാണുന്നവർ ദേവസ്വം ബോർഡിലെ ജീവനക്കാരാണോ എന്നും അല്ലെങ്കിൽ ലോക്ക് ഡൗൺ കാലത്ത് ക്ഷേത്രങ്ങളിൽ പ്രവേശനമില്ലെന്നിരിക്കെ ഇവർ എങ്ങനെ ദേവസ്വം വക ഭൂമിയിൽ കയറിയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കണം. ഹർജികൾ ജൂൺ 17 ന് വീണ്ടും പരിഗണിക്കും.