തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫറുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വിഷ്ണു പ്രസാദ് തയ്യാറാക്കിയ വ്യാജ രസീതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെ തുടർന്നാണ് ഈ നീക്കം.
ഉപരിപഠനത്തിനായി വിദേശത്തായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരുവന്തപുരത്ത് എത്തിയത്. അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമാകും വ്യാജരേഖ ചമച്ചതിന് എ.ഡി.എം. കൊടുത്ത പരാതിയിൽ ക്രൈംബ്രാഞ്ച് കൂടുതൽ നടപടിയിലേക്ക് പോകുക.
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 89,57,302 ലക്ഷം രൂപ കാണാതായ സംഭവത്തിൽ എറണാകുളം കളക്ടറേറ്റിലെ 10 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
സാങ്കേതിക കാരണങ്ങളാൽ ഗുണഭോക്താക്കൾ കളക്ടറേറ്റിൽ തിരിച്ചടച്ച തുക ഉൾപ്പടെ ആകെ 1,00,86,600 രൂപയുടെ വെട്ടിപ്പാണ് വിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയത്. അതിൽ അയ്യനാട് ബാങ്കിലെത്തിയ പണം അടക്കം 11,29,289 രൂപ തിരികെ ലഭിച്ചത് ഒഴികെ 89,57,302 ലക്ഷം രൂപയുടെ വെട്ടിപ്പിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
# അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
• 2017 ജൂണിന് ശേഷം ആകെ കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
• പണം ഇടപാട് ഫയലുകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ല. ചെക്ക് ഇഷ്യൂ രജിസ്റ്റർ,ക്യാഷ് ബുക്ക് എന്നിവ ഉണ്ടായിരുന്നില്ല.
• തുക വിനിയോഗത്തിൽ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയാണ് വിഷ്ണുപ്രസാദിന് തട്ടിപ്പ് നടത്താൻ സാധിച്ചത്.
ചെക്ക് ഇഷ്യൂ രജിസ്റ്റർ,ക്യാഷ് ബുക്ക് എന്നിവ സൂക്ഷിച്ചിരുന്നില്ല.
• ചെക്ക് ഇഷ്യൂ രജിസ്റ്ററിൽ ചെക്കുകളുടെ വിവരം രേഖപ്പെടുത്തി മേലുദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതിനു ശേഷം മാത്രമേ ചെക്ക് ഒപ്പിടാവൂ എന്നാണ് നിയമം. അതൊന്നും പാലിക്കപ്പെട്ടില്ല.
• പ്രളയ ധനസഹായം ലഭിച്ച ഗുണഭോക്താക്കളുടെ മാസ്റ്റർ ഡാറ്റ പോലും സൂക്ഷിച്ചിട്ടില്ല.