കൊച്ചി: പൂർത്തിയായ സിനിമകൾ ഒ.ടി.ടി സംവിധാനത്തിൽ റിലീസ് ചെയ്യാൻ ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ അനുമതി നൽകാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു.
നിർമ്മാണച്ചെലവ് പകുതിയാക്കാൻ കഴിയുന്ന വിധത്തിൽ താരങ്ങളും സാങ്കേതികപ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ബന്ധപ്പെട്ട സംഘടനകളുടെ യോഗം വിളിക്കും.
പ്രദർശനത്തിന് തയ്യാറായ സിനിമകൾ പോലും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഉടൻ പുതിയ സിനിമകൾ ആരംഭിക്കില്ല. ചെലവ് പരമാവധി കുറയ്ക്കുന്ന സിനിമകളേ നിർമ്മിക്കൂ. പ്രതിഫലം കുറയ്ക്കാത്തവരെ ഒഴിവാക്കണമെന്നും അഭിപ്രായം ഉയർന്നു. നിലവിലെ സ്ഥിതിയിൽ താരങ്ങൾ ഉൾപ്പെടെ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.ചെലവ് ചുരുക്കൽ ചർച്ച ചെയ്യാനും ഭാവിനടപടികൾ സ്വീകരിക്കാനും അസോസിയേഷനിലെ മുഴുവൻ അംഗങ്ങളുടെയും യോഗം അടുത്തയാഴ്ച ചേരും.