ആലുവ: വെളിയത്തുനാട് മില്ലുപടി ഫാംറോഡിൽ മനുഷ്യഅസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അസ്ഥികൂടം അവിടെ ഉപേക്ഷിച്ച യു.സി കോളേജിന് സമീപം സ്വകാര്യ ഐ ക്ലിനിക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന മില്ലുപടി സ്വദേശി തങ്കപ്പനെ (65) ആലുവ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. നേരത്തെ തങ്കപ്പൻ എറണാകുളത്തെ ഒരു ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്തിട്ടുണ്ട്. ഡോക്ടറുടെ മരണശേഷമാണ് ആലുവയിലെ ക്ലിനിക്കിൽ സെക്യൂരിറ്റിയായത്. ഡോക്ടറുടെ മകൻ ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളത്തെ വീട് വൃത്തിയാക്കിയപ്പോൾ ഉപേക്ഷിച്ച പേപ്പറുകളും കാർട്ടൻ ബോക്‌സുകളും തങ്കപ്പൻ ആക്രിക്കാരന് നൽകാനായി കൊണ്ടുവന്നു. വീട്ടിലെത്തിയപ്പോഴാണ് ഒരു പെട്ടിയിൽ അസ്ഥികൂടം കണ്ടത്. ഭയന്നുവിറച്ച തങ്കപ്പൻ സമീപത്തെ പാടശേഖരത്തോട് ചേർന്ന് ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ അസ്ഥികൂടം കളമശേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. മെഡിക്കൽ കോളേജിൽ പഠനാവശ്യത്തിന് ഉപയോഗിച്ചതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ദ്ധ പരിശോധനക്ക് ശേഷമേ പൂർണ വിവരം ലഭ്യമാകൂ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കുമെന്ന് ആലുവ പൊലീസ് അറിയിച്ചു. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന്റെ അതിർത്തി സംബന്ധിച്ച തർക്കത്തിനൊടുവിൽ ആലുവ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ആലുവ വെസ്റ്റ് പൊലീസിന്റെ അതിർത്തിയിലാണെന്നതായിരുന്നു തർക്കത്തിന് കാരണം.