കൊച്ചി : കോളേജ് അദ്ധ്യാപകർ ആഴ്ചയിൽ ഒമ്പതു മണിക്കൂർ അധികജോലി ചെയ്യുന്നുണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചതിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

2018 മേയ് ഒമ്പതിലെ ഉത്തരവനുസരിച്ച് കോളേജ് അദ്ധ്യാപകരുടെ ഒരാഴ്ചയിലെ ജോലി ഭാരം 16 മണിക്കൂറായി നിശ്ചയിച്ചിരുന്നു. ഇതിനു പുറമേ ഒമ്പതു മണിക്കൂർ അധികജോലി ചെയ്യേണ്ടിവന്നാൽ പുതിയൊരു തസ്തിക സൃഷ്ടിക്കാമെന്നും വ്യക്തമാക്കി. പി.ജി ക്ളാസുകളിൽ അദ്ധ്യാപകർ ഒരു മണിക്കൂർ പഠിപ്പിക്കുന്നത് 1.5 മണിക്കൂറായി കണക്കാക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ഇതനുസരിച്ച് വിവിധ കോളേജ് മാനേജ്മെന്റുകൾ പുതിയ നിയമന നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ഉത്തരവ് സർക്കാർ പിൻവലിച്ചത്.

പുതി​യ ഉത്തരവി​ൽ അദ്ധ്യാപകരുടെ ഒരാഴ്ചയിലെ ജോലി ഭാരം 16 മണിക്കൂർ തന്നെയാണെങ്കിലും അധിക ജോലി 16 മണിക്കൂർ ആണെങ്കിലേ പുതിയ തസ്തിക സൃഷ്ടിക്കാനാവൂ. പി.ജി ക്ളാസുകളിൽ ഒരു മണിക്കൂർ പഠിപ്പിക്കുന്നത് 1.5 മണിക്കൂറായി കണക്കാക്കുന്ന രീതിയും ഒഴിവാക്കി.

ലോക്ക് ഡൗണിന്റെ മറവിൽ സർക്കാർ കൊണ്ടുവന്ന പുതിയ ഉത്തരവ് നിയമപരമല്ലെന്നാണ് ഹർജിയിലെ ആരോപണം. കോളേജ് അദ്ധ്യാപകരുടെ അധിക ജോലിഭാരം ആഴ്ചയിൽ ഒമ്പതു മണിക്കൂറാണെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന വ്യവസ്ഥ യു.ജി.സി വ്യവസ്ഥയുടെ ഭാഗമായി കൊണ്ടുവന്നതാണ്. ക്ളാസുകളുടെ നിലവാരം ഉയർത്തുന്നതിന് യു.ജി.സി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെ നാലംഗ സമിതി പഠനം നടത്തി നൽകിയ റിപ്പോർട്ടിനെത്തുടർന്നായിരുന്നു ഇൗ നടപടിയെന്നും ഹർജിയിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിലിനോടു പോലും ആലോചിക്കാതെയാണ് നടപടിയെന്നും വ്യക്തമാക്കി​യി​ട്ടുണ്ട്.