കൊച്ചി: പരിസ്ഥിതി ദിനത്തിൽ എല്ലാ വർഷവും ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ സർക്കാരും ഇതരസംഘടനകളും വച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇതെല്ലാം പരിപാലിക്കാറുണ്ടോ ഇതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നുള്ളതിനെക്കുറിച്ച് പഠനം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ. പ്രസാദ് പറഞ്ഞു. ലയൺസ് ക്ലബ്ബ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് ഫലവൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സോൺ ചെയർമാൻ കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. ഷാജി തോമസ്, മൈക്കിൾ കടമാട്ട്, മാരിയറ്റ് തോമസ്, റോബിൻ ക്ലമന്റ് എന്നിവർ പങ്കെടുത്തു.