കൊച്ചി: കൊവിഡിന്റെ ഇളവിൽ പ്ളാസ്റ്റിക് ഉപയോഗം വർദ്ധിച്ചതിനാൽ പരിശോധനകൾ കർശനമാക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്ളാസ്റ്റിക്കിന് ബദലായി നിരവധി കുടുംബശ്രീ യൂണിറ്റുകൾ തുണിസഞ്ചി ഉത്പാദനത്തിലേക്ക് കടന്ന സമയത്താണ് കൊവിഡിന്റെ വരവ്.അതോടെ കാര്യങ്ങൾ ആകെ മാറി. നാടെങ്ങും പ്ളാസ്റ്റിക്കിന്റെ അതിപ്രസരമായെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും പരിശോധന നടത്തുന്നതിന് ആരോഗ്യസ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. ലോക്ക് ഡൗണിന്റെ സമയത്തെ വഴിയോര കച്ചവടം പ്ളാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം വർദ്ധിപ്പിച്ചുവെന്ന് കൗൺസിലർ സി.കെ.പീറ്റർ പറഞ്ഞു

# ഓൺലൈൻ പഠനസൗകര്യം ഒരുക്കും

ഓൺലൈൻ പഠന സൗകര്യമില്ലാത്ത സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സഹായങ്ങൾ ഒരുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ടിവിയോ ,സ്മാർട്ട് ഫോണോ ഇല്ലാത്ത 44 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കണക്കെടുക്കുന്നതിന് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പൂർണ്ണിമ നാരായണനെ ചുമതലപ്പെടുത്തി.

# സ്പ്രേയിംഗ് ഉൗർജിതമാക്കും

ഡെങ്കി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫോഗിംഗും സ്പ്രേയിംഗും ശക്തിപ്പെടുത്തും.

# അറ്റ്ലാൻഡിസ് മേൽപ്പാലത്തിനായി യോഗം

അറ്റ്ലാൻഡിസ് റെയിൽവേ ഓവർബ്രിഡ്‌ജ് പദ്ധതി നടപടികൾ കാര്യക്ഷമമാക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കും. റോഡ്സ് ആൻഡ് ബ്രിഡജ്സ് കോർപ്പറേഷൻ എം.ഡി കൂടിയായ പുതിയ സെക്രട്ടറി രാഹുൽ.ആർ.പിള്ളയുടെ അദ്ധ്യക്ഷതയിലായിരിക്കും യോഗം.

# ഹെൽപ്പ്ഡെസ്ക്

വെള്ളക്കെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഹെൽപ്പ്ഡെസ്ക് രൂപീകരിക്കും.