ഫോർട്ടുകൊച്ചി: കാലവർഷം വരവറിയിച്ചതോടെ തീരദേശം ആശങ്കയുടെ മുൾമുനയിൽ. കൊച്ചി മുതൽ വൈപ്പിൻ, മുളവുകാട്, ചെല്ലാനം, ഫോർട്ടുകൊച്ചി, ചെറായി അടക്കമുള്ള 78 കിലോമീറ്റർ തീരം കടൽ കയറ്റ ഭീഷണിയിലാണ്. തീരദേശ വാസികൾക്ക് ഉറക്കമില്ലാത്ത രാത്രികളാണിനി. തെക്ക് അർത്തുങ്കൽ മുതൽ വടക്ക് മുനമ്പം വരെ കൊച്ചി തീരത്ത് ആറ് കടൽഭിത്തി ഗ്യാപ്പും നാല് മത്സ്യബന്ധന തുറമുഖങ്ങളും ഉണ്ട്. ഇതിൽ ആറ് ബീച്ചും ഉൾപ്പെടും.

ഫോർട്ടുകൊച്ചി, ചെല്ലാനം തീരം പൂർണമായും കടൽ കവർന്നു കഴിഞ്ഞു. ചെല്ലാനത്ത് നിർമ്മിച്ച ജിയോ ബാഗുകളും നഷ്ടമായി. തെക്കൻ കടപ്പുറം മുതൽ ചീനവല സ്ക്വയർ വരെയുള്ള കടൽഭിത്തി പൂർണമായും നശിച്ചു. കടൽ കടൽതുള്ളിയതോടെ നിരവധി ചീനവലകളും തകർച്ചയുടെ വക്കിലാണ്. ഫോർട്ട് വൈപ്പിനിലും ചീനവലകളുടെ സ്ഥിതി ഇതു തന്നെ. വൈപ്പിൻ മേഖലകളിൽ ആഞ്ഞടിക്കുന്ന തിരമാലകൾ തീരം കവർന്നു കഴിഞ്ഞു. രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് മുനമ്പം, തോപ്പുംപടി തുടങ്ങിയ ഹാർബറുകളിലെ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിട്ടില്ല. പലർക്കും സർക്കാർ സഹായം ഇനിയും അകലെയാണ്. ട്രോളിംഗ്‌ നിരോധനം കൂടി വന്നെത്തുന്നതോടെ തീരം തീർത്തും വറുതിയിലാകും.

ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ പൊലീസുകാരെയും രക്ഷാപ്രവർത്തകരെയും മറികടന്ന് കടൽ തീരത്ത് എത്തുന്ന ജനങ്ങൾ അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി സൗത്ത് ബീച്ചിൽ എത്തിയ യുവാക്കളെ പിങ്ക് പൊലീസ് വിരട്ടിയോടിച്ചു.