കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന ടാബ് ലറ്റ് ചലഞ്ചിന്റെ ആദ്യ വിതരണം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. മികച്ച പ്രതികരണമാണ് ടാബ്‌ലറ്റ് ചലഞ്ചിന് ലഭിക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞൂ.
സർക്കാർ വിദ്യാലയങ്ങളിൽ പത്താം ക്‌ളാസിൽ പഠിക്കുന്ന ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ടാബുകൾ നല്കുക എന്ന ലക്ഷ്യത്തോടെയാണ് ടാബ് ലറ്റ് ചലഞ്ച് ആരംഭിച്ചത്. മികച്ച പ്രതികരണമുണ്ടായതോട 8,9,10 ക്‌ളാസുകൾക്ക് വിതരണം ചെയ്യുവാൻ തീരുമാനിച്ചതായി എം.പി പഞ്ഞു.
ഗവ. ഹൈസ്‌കൂൾ, നോർത്ത് ഇടപ്പള്ളി -7, ഗവ. ഹൈസ്‌കൂൾ എളമക്കര- 2, ഗവ. ഹൈസ്‌കൂൾ ഫോർ ഗേൾസ്- 5 , ഗവ. ഹൈസ്‌കൂൾ, വില്ലിംഗ്ടൺ ഐലന്റ് - 2, ഗവ. ഹൈസ്‌കൂൾ മാങ്കായിൽ മരട്- 3 എന്നീ സ്‌ക്കൂളുകൾക്കാണ് ഇന്നലെ ടാബുകൾ വിതരണം ചെയ്തത്.
വി.ഡി.സതീശൻ എം.എൽ.എ ടാബ് ചലഞ്ചിൽ പങ്കാളിയായി. പറവൂർ നിയോജകമണ്ഡലത്തിലെ ആകെ നൽകേണ്ട ടാബുകളുടെ പകുതി നല്കുമെന്ന് എം.എൽ.എ അറിയിച്ചിട്ടുള്ളതായി ഹൈബി ഈഡൻ പറഞ്ഞു.
നിരവധി ജനപ്രതിനിധികളും മത്സ്യ തൊഴിലാളികളടക്കമുള്ള സാധാരണക്കാരും ചലഞ്ചിൽ പങ്കാളിയാകുന്നുണ്ട്. പെന്റ മേനക ഓണേഴ്‌സ് വെല്ഫയർ അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അസോസിയേഷൻ ജന.സെക്രട്ടറി യാസർ അറാഫത്തും ചടങ്ങിൽ പങ്കെടുത്തു.