കൊച്ചി: പെരുമഴക്കാലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പണിത്തിരക്കിലാണ് കോർപ്പറേഷൻ. എന്നാൽ മഴക്കാലപൂർവ ശുചീകരണത്തിന് തലവേദനായിരിക്കുകയാണ് കെ.എം.ആർ.എൽ നവീകരിച്ച ഓടകൾ. നവീകരണ ജോലികളുടെ ബാക്കിയായ ബ്ലോക്കുകളും തകർന്ന സ്ലാബുകളും മെട്രോ നിർമ്മാണ അവശിഷ്ടങ്ങളും വെള്ളം ഒഴുകിപ്പോകുന്നതിന് തടസമായി ഓടകളിൽ തന്നെ കിടക്കുകയാണ്. ഇതിന് മുകളിലാണ് സ്ലാബുകൾ സ്ഥാപിച്ച് മോടിപിടിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും സ്ഥലതെത്തി പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. എം.ജി റോഡിൽ ചെറിയ മഴപെയ്താൽപോലും മുട്ടോളം വെള്ളം ഉയരാൻ ഇതും ഒരു കാരണമാകും. കലൂർ മുതൽ ഇടപ്പള്ളിവരെയുള്ള പലസ്ഥലങ്ങളിലെയും ഓടകളുടെയും അവസ്ഥ ഇതുതന്നെ. ജെ.സി.ബിയുടെ സഹായത്തോടെ സ്ലാബുകൾ ഇളക്കിമാറ്റി നീരൊഴുക്കിന് തടസമായവ നീക്കം ചെയ്തുവരികയാണ്.
അശാസ്ത്രിയമായ ഓടകൾ
മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് എം.ജി. റോഡിലെയും സമീപപ്രദേശങ്ങളിലെയും കാനകളുടെയും ഓടകളുടെയും നവീകരണം കെ.എം.ആർ.എല്ലാണ് നടത്തിയത്. പല ഓടകളുടെയും നിർമ്മാണം അശാസ്ത്രീയമാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. വെള്ളം ഒഴുകിപ്പോകുന്ന പല കൽവെർട്ടുകളും അടഞ്ഞു. ഈ തടസങ്ങൾ അടിയന്തരമായി നീക്കംചെയ്യണമെന്ന് കോർപ്പറേഷനും ജില്ല ഭരണകൂടവും കെ.എം.ആർ.എല്ലിനോട് ആവശ്യപ്പെട്ടിരുന്നു. കെ.എം.ആർ.എൽ നിയോഗിച്ച ജീവനക്കാർ സ്ളാബുകൾ ഉയത്തിക്കൊടുക്കും, കോർപ്പറേഷന്റെ ജീവനക്കാർ ഓടകൾ ശുചീകരിക്കുമെന്നും മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതനുസരിച്ച് ജോലികൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ എം.ജി റോഡിലെ ഓടകൾക്കുള്ളിൽ തടസങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ദൗത്യം അവസാനഘട്ടത്തിൽ
നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ജില്ല ഭരണകൂടത്തിന്റെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ദൗത്യം അവസാനഘട്ടത്തിലാണ്. പെയ്തമഴയിൽ മുൻവർഷങ്ങളെപോലെ വെള്ളക്കെട്ട് ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ശക്തമായ മഴക്കൊപ്പം വേലിയേറ്റം കൂടി സംഭവിക്കുകയാണെങ്കിൽ പ്രവചനങ്ങൾ വീണ്ടും തെറ്റാം. കാലവർഷം ശക്തമാകുന്നതോടെ ഇപ്പോൾ നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം വിജയകരമായെന്ന് മനസിലാകും.
പി.എം.ഹാരിസ്
സ്ഥിരംസമിതി അദ്ധ്യക്ഷൻ
പൊതുമരാമത്ത്