കൊച്ചി: സ്‌കൂൾ പഠനം മാത്രമല്ല, ഇനി കലാപഠനവും ഓൺലൈനിലേക്ക് ചുവടു മാറുന്നു. സംഗീത, നൃത്ത പഠനത്തിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ വിവിധ സ്ഥാപനങ്ങൾ ഒരുങ്ങി.
കലാ, കായിക പരിശീലന ക്ലാസുകൾ ഏറ്റവും സജീവമാകുന്നത് മദ്ധ്യവേനൽ അവധിക്കാലത്താണ്. പരിശീലകരെ സംബന്ധിച്ചും ഏറെ തിരക്കും വരുമാനവും ലഭിക്കുന്ന കാലം. കഴിഞ്ഞ അവധിക്കാലം മുഴുവൻ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലായതോടെയാണ് ഇതുവരെയില്ലാത്ത വിധം നൃത്ത പരിശീലനം അടക്കമുള്ള പരമ്പരാഗത പരിശീലന കളരികളും ഓൺലൈനായി മാറിയത്.
സൂം, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെയാണ് മിക്ക ഓൺലൈൻ ക്ലാസുകളും. കൂടുതൽ വിദ്യാർത്ഥികളെ ഒരുമിച്ച് കണ്ടു പഠിപ്പിക്കാനാവുമെന്നതിനാൽ സംഗീത പഠനത്തിനു പലരും സൂം ആപ്പാണ് ഉപയോഗിക്കുന്നത്.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന കലാഭവനിലെ ക്ലാസുകൾ പുനരാരംഭിച്ചു. ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഓർഗൺ, ഫ്‌ളൂട്ട്, ഡ്രംസ്, തബല, മൃദംഗം എന്നിവയ്ക്കാണ് ക്ലാസുകൾ ഓൺലൈനിൽ ആരംഭിച്ചത്.
പരമ്പരാഗത കലാപഠനത്തിന്
ഓൺലൈൻ വെല്ലുവിളി
ഓൺലൈൻ പഠനം പരമ്പരാഗതമായ പഠനത്തിന് വെല്ലുവിളിയാണ്. എങ്കിലും മറ്റു മാർഗമില്ല. പഠന മികവിന് ഓൺലൈൻ പഠനം വെല്ലുവിളിയാണെന്ന നിലപാടിൽ തന്നെയാണ് കലാ അദ്ധ്യാപകർ. പലരും വെക്കേഷൻ കാലത്ത് ക്ലാസുകൾ ഉപേക്ഷിച്ചതിന് കാരണവും ഇതു തന്നെ.
എല്ലാ മാർഗങ്ങളും സ്വീകരിക്കും
ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗതശൈലിയിൽ മുറുകെ പിടിക്കുന്നതിനാലാണ് ഇതുവരെ തുടങ്ങാതിരുന്നത്. നിലവിൽ മറ്റു മാർഗങ്ങളില്ല. വാട്‌സ് ആപ്പ്, സൂം എന്നിവ ഉപയോഗിച്ച് പഠനം പുനരാരംഭിക്കാനാണ് ലക്ഷ്യം.
ശ്യാമള സുരേന്ദ്രൻ
ഡയറക്ടർ
ധരണി സ്‌കൂൾ ഒഫ് പെർഫോമിംഗ് ആർട്‌സ് ട്രസ്റ്റ്