പള്ളുരുത്തി: പള്ളുരുത്തിയിലെ ആട്ടോ തൊഴിലാളി ജൂഡ്സൺ വൻ ബിസിയാണ്. ആട്ടോ ഓടുന്ന തിരക്കല്ല.

ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്ന തിരക്ക് ! പശ്ചിമകൊച്ചിയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് മൂന്ന് നേരത്തെ ഭക്ഷണം ജൂഡ്സന്റെ വകയാണ്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് അമ്പത്തിയെട്ടുകാരന്റെ ഈ പുണ്യപ്രവൃത്തി. ഭക്ഷണ വിതരണം 70 ദിവസം പിന്നിട്ടു.

നേരത്തെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു ജൂഡ്സൺ. ഇവിടെ വച്ചാണ്

അഗതികളെ കണ്ടെത്തി ഇവരെ കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം നൽകാൻ തുടങ്ങിയത്. പിന്നീട് ഇത് ജീവതത്തിന്റെ ഭാഗമാക്കി. ജോലിത്തിരക്കിനിടയിലും തിരുവനന്തപുരം മുതൽ കാസർകോഡ് വരെ വഴിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി ഭക്ഷണവും വസ്ത്രവും നൽകാൻ സമയം കണ്ടെത്തി. കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചും സുഹൃത്തുക്കളുടെ സഹായത്തോടെയുമായിരുന്നു ജൂഡ്സണിന്റെ കാരുണ്യ പ്രവൃത്തി.

ജോലി നഷ്ടപ്പെട്ടതോടെയാണ് ആട്ടോ ഓടിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ട് രണ്ട് മാസത്തോളം കിടപ്പിലായി. അപകടത്തിൽ നിന്ന് കരകയറിയ ജൂഡ്സൺ തിരിച്ച് വരവിന്റെ പാതയിലാണ്. പല സുമനസുകളുടെ സഹായത്തോടെയാണ് ഇപ്പോൾ ഭക്ഷണ വിതരണം. പണം നൽകിയാൽ ചിരിച്ചുകൊണ്ട് നിരസിക്കും. അതാണ് ജൂഡ്സൺ. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.