കൊച്ചി :നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ പ്രവർത്തന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. പദ്ധതിയുടെ പുരോഗതിയിൽ സംസ്ഥാന സർക്കാർ സംതൃപ്തി അറിയിച്ചതായി കളക്ടർ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുരോഗതി റിപ്പോർട്ട് തയ്യാറാക്കുന്നത്.
തേവര പേരണ്ടൂർ കനാൽമുഖത്തെ തടസങ്ങൾ ഒഴിവാക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് കളക്‌ടറുടെ അദ്ധ്യക്ഷതയിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ നഗരസഭാ സെക്രട്ടറി അറിയിച്ചു. സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ, ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.