കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ടൂറിസ്റ്റ് ക്യാബ് വാഹനത്തിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ടാക്സി തൊഴിൽ സംരക്ഷണസമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരമേഖല അടച്ചുപൂട്ടിയതിനെ തുടർന്ന് ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാരുടെ അവസ്ഥ പരിതാപകരമാണ്. മൊറട്ടോറിയം കാലാവധി ആറ് മാസമായി നീട്ടിയെങ്കിലും ഇളവുനൽകിയ മാസത്തെ പലിശ ഏഴാംമാസം മുതൽ അടക്കണമെന്നാണ് ആർ.ബി.ഐയുടെ ഉത്തരവിൽ പറയുന്നത്. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് പ്രസിഡന്റ് ബിജു.കെ.ജോണും സെക്രട്ടറി എ.പി അജിത്കുമാറും ആവശ്യപ്പെട്ടു.