manpark
ഹില്‍പാലസിലെ മാന്‍പാര്‍ക്കു ബി.പി.സി.എല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നു

തൃപ്പൂണിത്തുറ: ഇനി ആഹാരത്തിന് മുട്ടുവരില്ല.ഹിൽപാലസിലെ മാനുകൾക്ക് ഭക്ഷണത്തിനാവശ്യമായ തുക ബി.പി.സി.എൽ - കൊച്ചി റിഫൈനറി നൽകും. മൂന്നു മാസത്തെ ഭക്ഷണത്തിനാവശ്യമായ 9.22 ലക്ഷം രൂപയാണ് നൽകുക.ലോക് ഡൗണിനെ തുടർന്ന് മ്യൂസിയം അടച്ചതോടെ വരുമാനം നിന്നു. ഇതോടെ മാനുകളെ പരിപാലിക്കുന്നതിന്റെ ചുമതലയുള്ള ഹിൽ പാലസ് പൈതൃക പഠന കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയിലായി. വിവരമറിഞ്ഞ് ബി.പി.സി.എൽ സഹായഹസ്തവുമായി എത്തുകയായിരുന്നു.

പരിസ്ഥിതി ദിനത്തിൽ മ്യൂസിയത്തിൽ എത്തിയ ബി.പി.സി.എൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.സി മുരളി മാധവൻ പൈതൃക പഠന കേന്ദ്രം ഡയറക്ടർ ജനറൽ ഡോ.എം.ആർ രാഘവ വാര്യർക്ക് എല്ലാവിധ സഹകരണവും ഉറപ്പു നൽകി. ഹിൽ പാലസ് ക്യാമ്പസിൽ നടന്ന പരിസ്ഥി ദിനാചരണത്തിന് വൃക്ഷത്തൈ നട്ട് അദ്ദേഹം തുടക്കം കുറിച്ചു. രജിസ്ട്രാർ കെ.വി ശ്രീനാഥ്, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ് എം.തോമസ്, ചീഫ് മാനേജർ വിനീത് എം വർഗീസ്, എലിസബത്ത് ഡേവിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.