covid-19

ലണ്ടൻ:കൊവിഡ് വ്യാപനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ വൈറസ് ബാധയെ പ്രതിരോധിക്കുന്ന വാക്‌സിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് കമ്പനി.നിലവില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്നാണ് ആസ്ട്രസെനക്ക കമ്പനിയുടെ വാദം.വാക്‌സിന്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യരില്‍ പുതിയ വാക്‌സിന്‍ സുരക്ഷിതമാണോ എന്നാണ് പരിശോധിക്കുന്നത്.

രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ പ്രയോഗിച്ചവരില്‍ രോഗത്തിനെതിരെയുള്ള പ്രതിരോധശേഷി പരീക്ഷിക്കുന്നത്.വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും രണ്ടാം ഘട്ട പരീക്ഷണത്തില്‍ ലഭ്യമാകും.സെപ്റ്റംബര്‍ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് ആസ്ട്ര സെനാക്ക കമ്പനി നേതൃത്വം വ്യക്തമാക്കുന്നത്.

യുഎസ് കമ്പനിയായ മോഡേണ വികസിപ്പിക്കുന്ന എംആര്‍എന്‍എ - 1273 എന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കും എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. 2020 അവസാനത്തോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ചൈനയും പ്രതീക്ഷിക്കുന്നത്. ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രോഡക്ട്‌സ്, ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനി എന്നീ രണ്ട് സ്ഥാപനങ്ങള്‍ ചേര്ന്ന് വികസിപ്പിച്ച വാക്‌സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അവസാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.2020 അവസാനമോ 2021 ആദ്യമാസങ്ങളിലോ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് വിവരം.