കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ചതും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുമായ അഞ്ചു രോഗികൾ ഗുരുതരാവസ്ഥയിൽ.
എൺപതുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു.ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്
നൈജീരിയയിൽ നിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 47 വയസുള്ള പൂനെ സ്വദേശിയെ ഹൃദയാഘാതം ഉണ്ടായതിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു ഇയാൾക്ക് കൊവിഡും സ്ഥിരീകരിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നു.
31 വയസുള്ള കൊവിഡ് ബാധിതയെ ഹൃദയമിടിപ്പിലെ വ്യതിയാനത്തെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി.
എറണാകുളത്തു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇയാൾ ഒരു വർഷം മുന്നേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. രക്തസമ്മർദത്തിനും പ്രമേഹത്തിനും മരുന്നും കഴിക്കുന്നുണ്ട്. കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ആരോഗ്യനില അതീവ ഗുരുതരമാണ്.
ക്വാറന്റൈനിൽ കഴിയവേ മെഡിക്കൽ കോളേജിലെത്തി മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ നവജാത ശിശുക്കൾക്കുള്ള ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ സ്‌കാനിംഗിൽ ഹൃദയത്തിൽ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. മാതാവിന്റെ കൊവിഡ് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവാണ് .