ആലുവ: രണ്ട് പതിറ്റാണ്ടിലേറെ തരിശായി കിടന്ന പാടശേഖരത്തിൽ കർഷക കൂട്ടായ്മയുടെ നെൽകൃഷിയിൽ വിളവെടുത്ത 'എടയപ്പുറം കുത്തരി' മന്ത്രി വി.എസ്. സുനിൽകുമാർ വിപണിയിലിറക്കി. കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം - കോട്ടേക്കാട് റോഡിന് വശത്തായുള്ള പാടശേഖരത്തിലാണ് പത്ത് യുവാക്കൾ ചേർന്ന് കൃഷിയിറക്കിയത്.ലോക്ക് ഡൗൺ കാലത്ത് കൊയ്ത്ത് യന്ത്രം എത്തിച്ചായിരുന്നു വിളവെടുപ്പ്. നൂറുമേനി വിളവ് ലഭിച്ച നെല്ല് കുത്തി അരിയാക്കി സ്വന്തം ബ്രാന്റിൽ വിപണിയിലിറക്കുകയായിരുന്നു. കീഴ്മാട് പഞ്ചായത്തിൽ തന്നെ നേരത്തെ കുട്ടമശേരി പാടശേഖര സമിതി 'കുട്ടമശേരി കുത്തരി' വിപണിയിലിറക്കി വിജയിപ്പിച്ചിരുന്നു. ഇതേമാതൃകയാണ് എടയപ്പുറം കൂട്ടായ്മയും പരീക്ഷിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, പഞ്ചായത്തംഗങ്ങളായ കുഞ്ഞുമുഹമ്മദ് സെയ്താലി, അഭിലാഷ് അശോകൻ, കാജ മൂസ,എം.ആർ.അംബുജാക്ഷൻ എന്നിവർ സംബന്ധിച്ചു.