കൊച്ചി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർ ഒരു വശത്ത്. സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം ചേരുന്നവർ മറുവശത്ത്. ലോക്ക് ഡൗൺ ഇളവുകൾ കൂടും തോറും സാമൂഹ്യ അകലം ക്ലോസാകുന്നു!
ചില ആരാധാനാലയങ്ങളിൽ പ്രവേശനം അനുവദിച്ചുകഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇതോടൊപ്പം മാളുകളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലാവുകയും കൂടി ചെയ്താൽ സുരക്ഷാ മുൻകരുതലുകൾക്ക് കോട്ടം തട്ടുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ.
കൊവിഡ് ബാധിതരുടെ എണ്ണവും സമ്പർക്കം വഴി ആരോഗ്യപ്രവർത്തകരിലും രോഗം കൂടുകയാണ്. അതിനാൽ മൂന്നാം ഘട്ട കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കാര്യക്ഷമമായി പാലിച്ചേ മതിയാവൂവെന്ന് ഐ.എം.എ ഉൾപ്പെടെ നിർദ്ദേശിക്കുന്നു.
മാസ്‌ക് മസ്റ്റാണ്
ജോലിയ്ക്കും മറ്റാവശ്യങ്ങൾക്കും ജനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങുകയാണ്. കൊച്ചി നഗരത്തിലും ജില്ലയിലെ പട്ടണങ്ങളിലും തിരക്ക് വർദ്ധിച്ചു. സർക്കാരിന്റെ മാർഗനിർദേശങ്ങൾ മറികടന്നാണ് പ്രായമായവരും കുട്ടികളുമടക്കം മാസ്കില്ലാതെ തെരുവിലിറങ്ങുന്നത്. മീൻകടകളിലും ഇറച്ചിക്കടകളിലും മാസ്‌ക് ധരിക്കാതെ എത്തുന്നവർ നിരവധിയാണ്. സാമൂഹ്യ അകലം പാലിക്കുന്നതിലും ജാഗ്രതക്കുറവ് കാണാം. മാനദണ്ഡങ്ങൾ മറികടന്ന് മാസ്‌ക് കഴുത്തിലിട്ടും അലങ്കാരമാക്കി ധരിച്ചും പുറത്തിറങ്ങുന്നവരുമുണ്ട്. എന്നാൽ മാസ്‌ക് മസ്റ്റാണെന്ന് ഓർക്കുക. പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണം.
ബസുകളിൽ തള്ളിക്കയറ്റം വേണ്ട
ബസുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാർ വാഹനത്തിലേക്ക് തള്ളിക്കയറുന്നത് ഇന്നലെയും ആവർത്തിച്ചു. സാമൂഹ്യ അകലം പാലിച്ച് സർവീസ് നടത്തുന്ന ബസുകൾക്ക് പോലും ഇത് നിയന്ത്രിക്കാനാവുന്നില്ല. ഇത് പലപ്പോഴും വാക്കേറ്റത്തിലും ബസ് ജീവനക്കാർക്കെതിരെയുള്ള നിയമനടപടികളിലേക്കുമാണ് കൊണ്ടെത്തിക്കുന്നത്. ഇന്നലെ നിരത്തിൽ സ്വകാര്യ ബസുകൾ നന്നേ കുറവായിരുന്നു.
അകലം പാലിച്ച് ആരാധാനാലയങ്ങൾ
ലോക്ക് ഡൗൺ ഇളവ് ലഭിച്ചെങ്കിലും ജില്ലയിലെ ഭൂരിഭാഗവും ആരാധനാലയങ്ങളും തുറന്നിട്ടില്ല. മുസ്ലീം പള്ളികളെല്ലാം സമ്പൂർണ ലോക്ക് ഡൗണിന് സമാനമായി അടുഞ്ഞു കിടക്കുകയാണ്. വിവിധയിടങ്ങളിൽ നിന്നും ഭക്തർ എത്തുമെന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം .എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളും ജൂൺ 30 വരെ തുറക്കില്ല. ക്ഷേത്ര ഭരണ സമിതികളിൽ ഭൂരിപക്ഷവും ഭക്തർക്ക് പ്രവേശനം നൽകേണ്ടെന്ന തീരുമാനത്തിലാണ്.
ജാഗ്രത കൈവിടരുത്
കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ ഭൂരിഭാഗവും നിരീക്ഷണത്തിലാണ്. ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്ന സാഹചര്യവുമുണ്ടായി. രോഗം എവിടെനിന്ന് ലഭിച്ചെന്ന് അറിയാത്തവരുമുണ്ട്. സമൂഹവ്യാപന സാദ്ധ്യതയിൽ ആശങ്കയുണ്ട്. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിലാവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ ജാഗ്രത കൈവിടരുത്.
ഡോ. എബ്രഹാം വർഗീസ്
സംസ്ഥാന പ്രസിഡന്റ്
ഐ.എം.എ.