നെടുമ്പാശേരി: നൊമ്പരങ്ങളുടെ ലോകത്ത് നിന്ന് രാജമ്മ യാത്രയായപ്പോൾ അനാഥത്വം പേറുന്നത് വിവാഹ പ്രായമത്തെിയ രണ്ട് പെൺമക്കളും മൂന്ന് ചെറുമക്കളുമടക്കം അഞ്ചു പേർ. ചെങ്ങമനാട് പുതുവാശേരി പുത്തൻകടവ് തോപ്പിൽ പറമ്പിൽ പരേതനായ പ്രകാശൻെറ ഭാര്യ രാജമ്മയാണ് (54) ശനിയാഴ്ച പുലർച്ചെ മരിച്ചത്.
രാജമ്മയുടെ ഭർത്താവ് പ്രകാശൻ 14 വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. അതോടെ കൂലിപ്പണിയെടുത്തായിരുന്നു മൂന്ന് പെൺമക്കളെയും സംരക്ഷിച്ചത്. മൂത്ത മകൾ സന്ധ്യ തമിഴ്‌നാട് സ്വദേശിയുമായി വിവാഹം കഴിഞ്ഞ് അവിടെ കഴിയുന്നതിനിടെ ദമ്പതികൾ പൊള്ളലേറ്റു മരിച്ചു. അതോടെ പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളുടെയും ഒരാൺ കുട്ടിയുടെയും സംരക്ഷണ ചുമതല രാജമ്മയ്ക്കായി. രണ്ട് പെൺമക്കളും മൂന്ന് ചെറുമക്കളേയും പോറ്റാൻ രാപ്പകൽ വിശ്രമമില്ലാതെയാണ് രാജമ്മ കൂലിപ്പണി ചെയ്തത്.
സർക്കാർ നൽകിയ നാലു സെൻറ് സ്ഥലത്തെ കൊച്ചുവീട്ടിലായിരുന്നു താമസം. ചെറുമക്കളെ സ്‌കൂളിൽ ചേർക്കാൻ അവരുടെ ജനന സർട്ടിഫിക്കറ്റ് പോലും ലഭിക്കാതെ ഏറെക്കാലം രാജമ്മ അലഞ്ഞു. അഞ്ച് പേർക്കും വിദ്യാഭ്യാസം നൽകി. രണ്ട് പെൺമക്കളെയും ബിരുദധാരികളാക്കി. അവരെ വിവാഹം ചെയ്തയക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് നാലുവർഷം മുമ്പ് രാജമ്മയെ വിവിധ രോഗങ്ങൾ വേട്ടയാടിയത്.
രോഗം വക വെക്കാതെ കുടുംബം പോറ്റാൻ രാജമ്മ ഓടി നടന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞതോടെ പതിവായി തലചുറ്റി വീഴാൻ തുടങ്ങി. എങ്കിലും മരുന്ന് കഴിച്ച് നടന്നു. രോഗം മൂർച്ഛിച്ചതോടെ നാട്ടുകാർ മുൻകൈയെടുത്തായി ചികിത്സ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സക്കായി മുൻ വാർഡംഗം ഇ.ടി ഉണ്ണികൃഷ്ണൻെറ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചു. ഇതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ രാജമ്മ യാത്രയായത്.
അഞ്ച് മക്കളെയും ഇനി ആര് സംരക്ഷിക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്. മക്കൾ: ധന്യ ( 22), സൗമ്യ (20). ചെറുമക്കൾ: തങ്ക ( 12), ലക്ഷ്മി ( 10), ധരൻ ( എട്ട്). മൃതദേഹം കപ്രശ്ശേരി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.