വരാപ്പുഴ :ഉയർന്ന പോഷക ഗുണങ്ങളുള്ളതും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതുമായ പൊക്കാളി നെല്ലിന്റെ ഉദ്പാദനം വർദ്ധിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന പ്രതികൂല കാലവസ്ഥയെ പ്രതിരോധിക്കാൻ കെൽപ്പുള്ള പൊക്കാളി കൃഷി ജില്ലയിൽ വ്യാപകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വരാപ്പുഴയിലെ കർഷകർക്കൊപ്പം പൊക്കാളിക്കൃഷി ഒരുക്കമായ വിത്തുകെട്ടൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്മീൻ കെട്ടുകളിൽ മാത്രം കൃഷി ചെയ്യുന്നതാണ് പൊക്കാളി അരിയുടെ പ്രത്യേകതയ്ക്കും പേരിനും കാരണം. ജലത്തിലെ ലവണാംശമോ മുങ്ങി പോകുന്ന തരത്തിലുള്ള വെള്ളപ്പെക്കമോ കൃഷിയെ ബാധിക്കില്ല. വെളളമിറങ്ങിയാൽ വീണ്ടും കിളിർത്ത് വിളവെടുപ്പിന് തയ്യാറാവും. നൂറ്റിഅറുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത വേൾഡ് അഗ്രോ ഡൈവേഴ്‌സിറ്റി കോൺഗ്രസിന്റെ ഡൽഹിൽ നടന്ന പ്രഥമ ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ച വിത്തിനങ്ങളിൽ പ്രധാനപ്പെട്ടതാണ് പൊക്കാളി നെല്ല്.
സംസ്ഥാന കൃഷി വകുപ്പ് പൊക്കാളി കൃഷി പരിപോഷിപ്പിക്കാൻ യാതൊരു ശ്രദ്ധയും കൊടുക്കാതെ അവഗണിക്കുകയാണ്. പരമ്പരാഗതമായി കൃഷി ചെയ്യുന്നവരിൽ പലരും മറ്റ് കൂലിപ്പണിയെ ആശ്രയിക്കുകയാണ്. പാടങ്ങൾ വെറുതേ കിടന്ന് നശിച്ചുപോകാതിരിക്കാൻ നാമമാത്രമായി കൃഷി ചെയ്യുന്നവരാണ് ഇപ്പോഴുള്ളത്.
എറണാകുളം ജില്ലയിലെ പ്രധാന പൊക്കാളി കൃഷി പ്രദേശങ്ങളായ വരാപ്പുഴ, കടമക്കുടി, പിഴല, ചെറായി ഗ്രാമങ്ങൾ കൃഷി മുന്നൊരുക്കങ്ങളിലാണ്. ഇതിൽ പ്രധാനമാണ് 'വിത്തു കെട്ടൽ'. വിതയ്ക്കുവാനുള്ള നെല്ല് കുതിർത്തുവയ്ക്കുന്ന പ്രക്രിയാണിത്.
കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി വിജയൻ, വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. ജയപ്രസാദ്, സെക്രട്ടറി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.