കോലഞ്ചേരി: വില്ലേജ് ഓഫീസുകളിൽ തിരക്കേറുന്നത് ജീവനക്കാർക്കും ജനങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നു. നികുതിയടക്കാനും ജാതി, വരുമാനം, കൈവശാവകാശം എന്നിവയുൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനുമായി ഒരേ സമയം ഒട്ടേറെ പേർ വില്ലേജ് ഓഫീസുകളിൽ എത്തുന്നുണ്ട്. ഇതിൽ 65 വയസിനു മുകളിലുള്ളവരും എത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം പരിമിതമാണ്. അതിനാൽ എല്ലാവരും ജോലിത്തിരക്കിലുമാണ്. പ്രായമായവർ കൂടുതൽ ജാഗ്രത
പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിക്കപ്പെടുന്നില്ല.
#നിർദേശം പാലിക്കപ്പെടുന്നില്ല
സാമൂഹിക അകലം പാലിച്ചാകണം ഓഫീസുകളിൽ നിൽക്കേണ്ടത് എന്ന നിബന്ധന പാലിക്കാൻ വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർ തയാറാകുന്നില്ല. ചിലരെങ്കിലും മുഖാവരണം ധരിക്കാതെയും വരുന്നുണ്ട്. ഓഫീസർമാരുടെ നിർദേശം ഉണ്ടായാൽ ടവ്വലോ മറ്റെന്തെങ്കിലും തുണിയോ ഉപയോഗിച്ചു മുഖം താത്കാലികമായി മറയ്ക്കുക മാത്രമാണു ചെയ്യുന്നത്. കൈ കഴുകുക, അണുനാശിനി ഉപയോഗിക്കുക എന്നിവ ചെയ്യുന്നതിനും പലരും വിമുഖത കാണിക്കുന്നുണ്ട്.