കൊച്ചി: ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൊവിഡ് വ്യാപിക്കുകയാണ്. ക്ഷേത്രങ്ങൾ തുറന്നാൽ ഇതുവരെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താം.
ക്ഷേത്രങ്ങളിലെ നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങൾ ഈ അവസരത്തിൽ ഒരു കാരണവശാലും ഭക്തജനങ്ങൾക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാൻ ദേവസ്വം ബോർഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി ആവശ്യപ്പെട്ടു.
ദേവസ്വം ക്ഷേത്രങ്ങളിൽ ഇപ്പോൾ സംഭരിച്ചുവെച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോൾ സർക്കാർ ചെലവഴിക്കാതെ ക്ഷേത്രങ്ങൾക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.