covid-vaccine

ബെയ്ജിങ്: കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ചൈന. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ആഗോളതലത്തില്‍ ഐക്യം രൂപപ്പെടുത്തിയതു പോലെ, ഭാവിയില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിലും അന്താരാഷ്ട്ര തലത്തില്‍ വലിയ സഹകരണം ആവശ്യമാണെന്ന് ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വാങ് ഷിഗാങ് പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാനും, പരീക്ഷിക്കാനും ആഗോള സഹകരണം വര്‍ധിപ്പിക്കാനുള്ള ശ്രമം ചൈന തുടങ്ങിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത വാക്‌സിന്‍ പരീക്ഷണമാണ് ചൈനീസ് ഗവേഷകര്‍ നടത്തുന്നത്. ഇവയെല്ലാം മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ പകുതിയിലേറെയും ആഗോള സഹകരണത്തോടെയാണ് നടത്തുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമെത്തി.രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും നിരവധി രാജ്യങ്ങള്‍ ചൈനയെ പിന്നിലാക്കി. ലോകത്താകെ 70 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് ലക്ഷത്തിലേറെ പേരാണ് മരിച്ചത്.ചൈന വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ലോകത്തിന്റെ നന്‍മയ്ക്കായി ലഭ്യമാക്കുമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകാരോഗ്യ അസംബ്ലിയില്‍ വ്യക്തമാക്കിയത്. വാക്‌സിന്‍ ഉപയോഗിക്കാന്‍ സജ്ജമാകുമ്പോള്‍ അവ ലോകത്തിന് ലഭ്യമാക്കുമെന്നും ഷി ജിന്‍പിങ് പറഞ്ഞു.