കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകൃത പോര്‍ട്ടലിലേയ്ക്ക് മാറ്റുന്ന നടപടികള്‍ കേരളത്തിലും പൂര്‍ത്തിയാകുന്നു. സംസ്ഥാനത്തെ 85 ലക്ഷം ലൈസന്‍സുകള്‍ കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നതോടെ രാജ്യത്തെവിടെയും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ 80 ശതമാനത്തോളം ഡേറ്റ കൈമാറ്റം പൂര്‍ത്തിയായെന്നും ഇനി പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ആര്‍ടിഓകളിലെ ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ മാത്രമാണ് കേന്ദ്രീകൃത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ചയ്ക്കുള്ളില്‍ ശേഷിക്കുന്ന നടപടികളും പൂര്‍ത്തിയായേക്കും. ഇതോടെ കേരളത്തില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കാം. സമാനമായ രീതിയില്‍ കേരളത്തില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്കും കേരളത്തിലെ ആര്‍.ടി.ഓകള്‍ വഴി ലൈസന്‍സിന് അപേക്ഷിക്കാനും പുതുക്കാനും സാധിക്കും. വിദേശത്തുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
സാരഥിയുടെ വരവോടെ കേന്ദ്രീകൃത നമ്പര്‍ സംവിധാനവും നിലവില്‍ വരും. 15 അക്ക നമ്പര്‍ സംവിധാനമാണ് പുതുതായി നിലവില്‍ വരിക. ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാനത്തിന്റെ കോഡ്, പിന്നീടുള്ള രണ്ടക്കങ്ങള്‍ ഓഫീസ് കോഡ്, അടുത്ത നാലക്കങ്ങള്‍ ലൈസന്‍സ് വിതരണം ചെയ്ത വര്‍ഷം, പിന്നീടുള്ള ഏഴക്കങ്ങള്‍ ലൈസന്‍സ് നമ്പര്‍ എന്നിങ്ങനെയായിരിക്കും പുതിയ നമ്പറിന്റെ ഘടന.