കൊച്ചി : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ 11 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഭാരവാഹികളായ സുഭാഷ് വാസുവും സുരേഷ്ബാബുവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.
കേസിലെ മുഖ്യസൂത്രധാരന്മാരായ ഹർജിക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സർക്കാർ വാദിച്ചു. 2006 - 2019 കാലഘട്ടത്തിൽ യൂണിയൻ ഭാരവാഹികളായിരുന്ന ഇവരിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ രേഖകളിൽ ചിലതു കണ്ടെടുത്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവില്ല .പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും, മുൻകൂർജാമ്യം നൽകുന്നത് രേഖകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും ഹർജിയിൽ കക്ഷിചേർന്ന മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, പരാതിക്കാരനായ മാന്നാർ സ്വദേശി ദയകുമാർ എന്നിവരുടെ അഭിഭാഷകനും വാദിച്ചു.
.ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും ,ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ ചെറിയ കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന ഹൈക്കോടതി ഫുൾബെഞ്ചിന്റെ വിധി ബാധകമാണെന്നും ഹർജിക്കാർ വാദിച്ചു. ഗ്രൂപ്പുവഴക്കിനെത്തുടർന്നുണ്ടായ കേസിൽ, അറസ്റ്റുചെയ്ത് സമൂഹത്തിനു മുന്നിൽ അപമാനിക്കാനുള്ള ശ്രമമാണെന്നും വാദിച്ചു. എന്നാൽ ,പത്ത് വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന വിശ്വാസവഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ടെന്നായിരുന്നു സർക്കാർ വാദം. മൈക്രോഫിനാൻസിൽ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ സർക്കാർ വിശദീകരിച്ചു. ബാങ്കുകളിൽ നിന്ന് സ്വയംസഹായസംഘങ്ങൾക്കു നൽകുന്ന വായ്പ യൂണിയൻ ഭാരവാഹികളുടെ അക്കൗണ്ടിലേക്കാണ് വന്നത്. പ്രീമാര്യേജ് കൗൺസലിംഗിൽ പങ്കെടുക്കുന്നവർക്ക് ഫീസിൽ നിന്ന് നിശ്ചിതതുക തിരിച്ചുനൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഇൗ ഇനത്തിൽ 33 ലക്ഷം രൂപയുടെ ക്രമക്കേടുണ്ട്. തുക യൂണിയന്റെ അക്കൗണ്ടുകളിൽ തന്നെയുണ്ടെന്ന് ഹർജിക്കാർ വാദിച്ചെങ്കിലും, യൂണിയന്റെ ഒമ്പത് അക്കൗണ്ടുകളിലായി 10,000 രൂപയിൽ താഴെ മാത്രമാണുള്ളതെന്ന് സർക്കാർ വിശദീകരിച്ചു.