ആലുവ: ഹലോ ദുബായ്‌ക്കാരൻ എന്ന സിനിമയുടെ നിർമ്മാതാവും നടനുമായ ആലുവ കൊടികുത്തുമല ഗ്രീൻപാർക്ക് ശങ്കരൻകുഴി വീട്ടിൽ എസ്.എ. ഹസൻ (51) ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഹസൻ മിയ ആലുവ എന്ന പേരിലായിരുന്നു സിനിമാ മേഖലയിൽ അറിയപ്പെട്ടത്. ലിയോണ ഫാഷൻസ്, മാംഗോ റെഡിമെയ്ഡ്സ് എന്നിവയുടെ ഉടമയായിരുന്നു. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതോടെ സ്ഥാപനങ്ങൾ രണ്ടും കൈമാറ്റം നടത്തിയശേഷം ഒരുവർഷം മുമ്പാണ് ദുബായിലേക്ക് പോയത്. റാസൽഖൈമ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കി.
2017ൽ ഇറങ്ങിയ ഹലോ ദുബായ്‌ക്കാരൻ സുഹൃത്തായ അഷ് റഫ് പിലക്കലിനൊപ്പമാണ് നിർമ്മിച്ചത്. ആദ്യമായി അഭിനയിച്ചതും അതിലായിരുന്നു.
ആലുവയിലെ വസ്ത്രമഹൽ ഉടമയായിരുന്ന പരേതനായ എസ്.എ. അലി ഹാജിയുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഡോ. ആമിന, ഡോ. ഹലീമ, മുഹമ്മദലി. മരുമക്കൾ: മുഹാഫിസ് (മസ്‌കറ്റ്), ഫർഹാൻ (ഖത്തർ).