കൊച്ചി: ലോക്ക് ഡൗൺ ഇളവുകളിൽ സർക്കാർ, സ്വകാര്യ ഓഫീസുകളും ഷോപ്പിംഗ് മാളുകളും പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിൽ സ്ഥിരം യാത്രക്കാർക്ക് ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ച് പാസഞ്ചർ ട്രെയിനുകൾ ആരംഭിച്ചാൽ ആയിരങ്ങൾക്ക് ആശ്വാസമാകും. ലോക്ക് ഡൗൺ ഇളവിൽ തമിഴ്നാട്ടിൽ ഹൃസ്വദൂര ട്രെയിൻ സർവീസുകൾ ആരംഭിച്ച് വിജയകരമായി ഇത് നടപ്പാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ കേരളത്തിലും ട്രെയൻ സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനുകളും.
ആവശ്യപ്പെടുന്ന റൂട്ടുകൾ
തിരുവനന്തപുരം - കൊല്ലം
കൊല്ലം - എറണാകുളം
എറണാകുളം - പാലക്കാട്
എറണാകുളം - കോഴിക്കോട്
പാലക്കാട് - കോഴിക്കോട്
കോഴിക്കോട് - കാസർകോട്
ആളില്ലാതെ സ്പെഷ്യൽ ട്രെയിൻ
പെട്ടെന്നുണ്ടായ അടച്ചു പൂട്ടലിനെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയവർ മുഴുവനും ഏതാണ്ട് മടങ്ങിക്കഴിഞ്ഞെന്നാണ് പ്രത്യേക ട്രെയിനുകളിലെ റിസർവേഷൻ നില സൂചിപ്പിക്കുന്നത്. കേരളത്തിലേയ്ക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി എന്നിവയിൽ വളരെക്കുറച്ചു പേർ മാത്രമാണ് എത്തുന്നത്. വരും ദിവസങ്ങളിലും ട്രെയിനുകളിലെ മിക്ക സീറ്റുകളും ഒഴിവാണ്. കേരളത്തിന് പുറത്തേക്ക് മറ്റ് വണ്ടികളിൽ ഇപ്പോൾത്തന്നെ യാത്രക്കാരില്ല. സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് ജനശതാബ്ദികളും വേണാടും ആദ്യ ദിവസം മുതൽ തന്നെ കാലിയായാണ് ഓടുന്നത്.
പാസഞ്ചർ കൂട്ടായ്‌മ റോഡിലും
പാസഞ്ചറിലെ കൂട്ടായ്‌മ കൊവിഡ് കാലത്തും ട്രെയിൻ യാത്രക്കാർക്ക് തുണയായി. കോട്ടയത്തും തൃശൂരും താമസിക്കുന്നവർ ബസും ടെമ്പോയും സംഘടിപ്പിച്ച് എല്ലാ ദിവസവും വന്നുപോകുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ 750 ഓളം ജീവനക്കാർ ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്തിരിക്കുകയാണ്. കൊടകര, അങ്കമാലി സ്വദേശികൾ ടൂറിസ്റ്റ് ബസിലാണ് വരവും പോക്കും. 2500 രൂപയാണ് ഒരാളുടെ ഒരു മാസത്തെ യാത്രാക്കൂലി. കാർ പൂളിംഗ് ആണ് മറ്റൊരു ആശ്രയം. കാർ സവാരിക്ക് പ്രതിദിനം 300 - 500 രൂപ വരെ ചെലവഴിക്കുന്നവരുണ്ട്. ഇരുചക്രവാഹനത്തിൽ ഒരു ദിവസം 400 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നവരുണ്ട്. യാത്രക്ക് ഒരു വഴിയുമില്ലാതെ അവധിയെടുത്ത് വീട്ടിലിരിക്കുന്നവർ ജോലി നഷ്ടപ്പെടുമെന്ന ആധിയിലുമാണ്
ആശ്വാസം നൽകണം
സംസ്ഥാനത്തെ മേഖലകളാക്കി തിരിച്ച് ഒരു മേഖലക്കുള്ളിൽ ഒതുങ്ങുന്ന വിധത്തിൽ രാവിലെയും വൈകിട്ടും ഹ്രസ്വദൂര സർവീസുകൾ നടത്തിയാൽ അത് ജോലിക്കാർക്ക് ഏറെ ഉപകാരപ്പെടും. പൊതുവാഹനങ്ങളില്ലാത്തതിനാൽ നിലവിൽ ഏറെ പണം ചെലവഴിച്ചാണ് ജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ ജോലിയ്‌ക്കെത്തുന്നത്.
പി. കൃഷ്ണകുമാർ
ജനറൽ സെക്രട്ടറി
തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ
സംസ്ഥാനം ഇടപെടണം
ആരാധനാലയങ്ങൾ ഉൾപ്പെടെ എല്ലാം തുറക്കുന്ന സാഹചര്യത്തിൽ രാവിലെയും വൈകിട്ടും മാത്രമായി സർവീസ് നടത്തുന്നതിന് പാസഞ്ചർ ട്രെയിനുകൾക്ക് അനുമതി നൽകണം. ഇതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.
ആർ.ജി. മണികണ്ഠൻ
കൺവീനർ
ഇടപ്പള്ളി റെയിൽവേ പാസഞ്ചർ അസോസിയേഷൻ