കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നൽകിയതിന് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും സംഘവും ഭീഷണിപ്പെടുത്തിയെന്ന കളമശേരി സ്വദേശി ഗിരീഷ്‌ബാബുവിന്റെ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു.
പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിയിലൂടെ നേടിയ കള്ളപ്പണം ഇബ്രാഹിംകുഞ്ഞും കൂട്ടരും ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗിരീഷ്ബാബു ഹർജി നൽകിയിരുന്നു. അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്തതോടെ അറസ്റ്റ് ആവശ്യപ്പെട്ട് ഉപഹർജിയും നൽകി. ഇതിനുശേഷം ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഗിരീഷ് ബാബു സമീപിച്ചതിനെ തുടർന്നാണ് കോടതി വിജിലൻസിനോട് റിപ്പോർട്ട് തേടിയത്.
വിവരങ്ങൾ ഇ.ഡിക്ക് നൽകണം
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ വേണമെന്ന് ഇന്നലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ആവശ്യപ്പെട്ടു. വിവരങ്ങൾ കൈമാറാൻ സിംഗിൾബെഞ്ച് നിർദേശം നൽകി. ഹർജി 17ന് പരിഗണിക്കും.