lock-down-

കൊച്ചി:രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് കൊറോണ ബാധിച്ചവരുടെ എണ്ണം 9983 ആയി ഉയര്‍ന്നു.ഇതോടെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടിരിക്കുകയാണ്. യുഎസില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞതോടെ പുതിയ കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. എന്നാല്‍ അഞ്ചു ഘട്ടങ്ങളായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗൺ പിൻവലിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന് 21 ദിവസം സമയമെടുക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. അന്ന് രാജ്യത്ത് വെറും 510 പേര്‍ക്കു മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്, മരിച്ചത് 10 പേരും.എന്നാല്‍ ആദ്യ ഘട്ട ലോക്ക്ഡൗണിനു ശേഷവും കേസുകളുടെ എണ്ണത്തില്‍ കുറവില്ലാതെ വന്നതോടെ നാലു ഘട്ടങ്ങള്‍ കൂടി ലോക്ക്ഡൗണ്‍ നീട്ടുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ആരംഭിച്ച് ആറാഴ്ച പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 2,56,611 ആയി ഉയരുകയായിരുന്നു. 24 മണിക്കൂറിനിടെ 206 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യയും 7135 ആയി ഉയര്‍ന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

അതേസമയം, വലിയ ജനസംഖ്യയുള്ള ഇന്ത്യയില്‍ രോഗികളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ് അന്താരാഷ്ട്രതലത്തിലെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ലോക്ക്ഡൗണിനിടെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് പലായനം ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയിലും കുത്തനെ ഇടിവുണ്ടായി. ലോക്ക്ഡൗണ്‍ ഇനിയും തുടര്‍ന്നു കൊണ്ടു പോകാനാകില്ലെന്ന തിരിച്ചറിവാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുള്ളത്. ആദ്യഘട്ടത്തില്‍ നേരത്തെ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ നിലപാടിനെ ലോകരാജ്യങ്ങള്‍ അടക്കം പുകഴ്ത്തിയിരുന്നു. എന്നാല്‍ കേസുകളുടെ എണ്ണം കൂടിയാലും ഇനി രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.