കൊച്ചി: ലോക്ക് ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ വരുമാനം കുറഞ്ഞതിനാൽ കയറ്റിയിട്ടതോടെ സാധാരണക്കാർ വലഞ്ഞു. 100 ൽ താഴെ ബസുകൾ മാത്രമാണ് ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത്. കൂടുതൽ ബസുകൾ കെ.എസ്.ആർ.ടി.സി. നിരത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ബസ് സ്റ്റോപ്പുകളിലും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡുകളിലും യാത്രക്കാർ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മാളുകളും ആരാധാനാലയങ്ങളും ഹോട്ടലുകളും പൂർവ സ്ഥിതിയിലാവുന്ന സമയത്താണ് സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയത്. ഇന്നലെ മുതൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാരോട് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ബസുകളുടെ അഭാവം മൂലം പലരും വലഞ്ഞു.


ലാഭമുള്ള റൂട്ടുകളിൽ മാത്രമേ സർവീസ് നടത്തൂവെന്ന തീരുമാനത്തിലാണ് സ്വകാര്യ ബസുടമകൾ. കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമില്ലാതെ ഓടിയ ബസുകൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. മുഴുവൻ യൂണിയനുകളും യോജിച്ചാണ് തീരുമാനമെടുത്തതെങ്കിലും സർവീസുകൾ നിർത്തുന്ന കാര്യം ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചിരുന്നില്ല.കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോഴാണ് സ്വകാര്യ ബസുടമകളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സമീപനമുണ്ടാകുന്നത്. നിലവിൽ അന്തർജില്ലാ സർവീസുകൾക്ക് 2000 മുതൽ 3000 വരെയും സിറ്റി സർവീസുകൾക്ക് 1000 രൂപ വരെ നഷ്ടമുണ്ടെന്ന് ബസ് ഉടമകൾ പറയുന്നു.

ബസുകളിൽ തിക്കി തിരക്കി

ബസുകളുടെ എണ്ണം കുറഞ്ഞതോടെ സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശമുണ്ടായിട്ടും പാലിക്കാതെ തിക്കിയും തിരക്കിയും ആളുകൾ യാത്ര ചെയ്യുകയായിരുന്നു. രാവിലെയും വൈകിട്ടും ബസുകളിൽ യാത്രാക്കാരുടെ എണ്ണത്തിൽ വർദ്ധിച്ചു. സീറ്റുകളിൽ ഇരുന്നു മാത്രം യാത്ര അനുവദിച്ചിട്ടുള്ളുവെങ്കിലും യാത്രക്കാർ അധികമായിരുന്നു.കൊവിഡ് നിയന്ത്രണം ലംഘിച്ച് യാത്രക്കാരെ കയറ്റിയ ഫോർട്ട് കൊച്ചി ആലുവ റൂട്ടിലോടുന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. അറുപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.


വിദ്യാർത്ഥികൾ പെരുവഴിയിൽ
ബസുകൾ ഭൂരിഭാഗവും സർവീസ് അവസാനിപ്പിച്ചതോടെ പരീക്ഷക്ക് എഴുതാനെത്തിയ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായി എം.ജി. സർവകലാശാലാ പരീക്ഷ പുനരാരംഭിച്ചതിനാൽ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് പോവാൻ മറ്റു മാർഗമില്ലാത്ത സ്ഥിതിയായിരുന്നു. ബിരുദ പരീക്ഷകളാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്. രാവിലെയും പരീക്ഷ കഴിഞ്ഞും യാത്രക്ക് വിദ്യാർത്ഥികൾ വലഞ്ഞു.