mask
ഉപയോഗ ശൂന്യമായ മുഖാവരണങ്ങൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം നിർവഹിക്കുന്നു

കൊച്ചി: ഉപയോഗശൂന്യമായ മുഖാവരണങ്ങൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കൊവിഡ് പ്രതിരോധത്തിന് മുതൽകൂട്ടാവും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബൈൽ സൊലൂഷൻസാണ് ബിൻ 19 എന്ന സംവിധാനം തയ്യാറാക്കിയത്.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് സംവിധാനം ഒരുക്കിയത്. ശ്രീചിത്ര ലാബിൽ സാങ്കേതിക പരിശോധനകളും നടത്തി. ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐ.ഒ.ടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉപകരണം പൂർണമായും മനുഷ്യസ്പർശം ഏൽക്കാത്ത തരത്തിലാണ് പ്രവർത്തിക്കുന്നത്.
മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂർണമായും ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്. മുഖാവരണം യന്ത്രത്തിൽ നിക്ഷേപിക്കുന്നവർക്ക് യന്ത്രത്തിൽ സ്പർശിക്കാതെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കാം. നിക്ഷേപിക്കുന്ന മാസ്‌കുകകളുടെ എണ്ണം പരമാവധി എത്തുമ്പോൾ വിവരം കൈമാറാനുള്ള സംവിധാനവും ഉണ്ട്.