കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് അനുസൃതമായി ഇടപ്പള്ളി ലുലു മാളും തൃപ്രയാറിലെ വൈ മാളും ഇന്ന് പ്രവർത്തനമാരംഭിക്കും. കൊവിഡിനെ തുടർന്ന് മാർച്ച് 24 നാണ് മാളുകൾ പൂട്ടിയത്. എന്റർടെയിൻമെന്റ് സോണുകളുടേയും, സിനിമാ തിയേറ്ററുകളുടേയും സേവനങ്ങൾ ഇപ്പോൾ ഉണ്ടാകില്ല. എല്ലാ സ്‌റ്റോറുകളും ശുചിയാക്കി കഴിഞ്ഞു.
റെഡ് സോണുകളിൽ നിന്നുമുള്ളവരെ പൂർണമായും ഒഴിവാക്കുവാനായി ഉപഭോക്താക്കളും റീട്ടെയിലർമാരും വെൻഡർമാരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം.
മാളിനുള്ളിലെ പൊതുസ്ഥലങ്ങൾ സാനിറ്റേഷൻ ടീം ചെറിയ ഇടവേളകളിൽ അണുവിമുക്തമാക്കും. പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോൺസ് ടീം സദാസമയവുമുണ്ടാകും. 1.5 മീറ്റർ അകലം അടയാളപ്പെടുത്തിയ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അനൗൺസ്‌മെന്റുകളുമുണ്ടാകും.
ലുലു മാൾ ആപ്പ് വഴി ഫുഡ്‌കോർട്ടിൽ നിന്നും ഓൺലൈൻ ഓർഡർ ചെയ്യാം.
• മാളിനുള്ളിൽ മാസ്‌ക് നിർബന്ധം.
• 65 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ല.
• മാൾ പ്രവേശന കവാടത്തിൽ സെൻസർ അധിഷ്ഠിതമായ അണുനശീകരണം.
• തെർമ്മൽ ക്യാമറകൾ: സ്റ്റാഫുകൾക്കും, സന്ദർശകർക്കും നിർബന്ധമായ താപനില പരിശോധന. പനി ലക്ഷണമുണ്ടെങ്കിൽ പ്രവേശനമില്ല.
• പ്രവേശന കവാടത്തിൽ അണുനശീകരണ ചവിട്ടിയിലൂടെ കടക്കണം.
• ബാഗുകളും മറ്റ് ലഗേജുകളും പ്രവേശനവേളയിൽ അണുവിമുക്തമാക്കും.
• കൊവിഡ് പോസിറ്റീവ് സാധ്യതയുള്ളവരെ മാറ്റി നിർത്തുന്നതിന് ഐസൊലേഷൻ റൂം.
• എസ്‌കലേറ്ററുകളിൽ രണ്ട് പടികളുടെ അകലം നിർബന്ധം. ലിഫ്റ്റിലും നിയന്ത്രണം. ബട്ടണുകൾ അമർത്താതെ ലിഫ്റ്റ് തുറന്നടയും
• ഫുഡ് കോർട്ട് മേശകളെല്ലാം തന്നെ 1.5 മീറ്റർ അകലങ്ങളിൽ.
നിലവിൽ ലഭ്യമല്ലാത്ത സേവനങ്ങൾ
കുട്ടികൾക്കായുള്ള ചെറിയ പുഷ് പുൾ വാഹനങ്ങൾ.
പ്രാർത്ഥനാ മുറികൾ
ബേബി കെയർ റൂം
ബാഗേജ്, ഹെൽമെറ്റ് കൗണ്ടറുകൾ
സ്‌മോക്കിംഗ് ഏരിയ