ആലുവ: സംസ്ഥാനത്ത് സി.പി എമ്മിന് സമാന്തര പൊലിസും കോടതി സംവിധാനങ്ങളും ഉണ്ടെന്ന് പറഞ്ഞ് രാജ്യത്തെ നിയമ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്ത സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ തത്സ്ഥാനം രാജിവെയ്ക്കണമെന്നും അല്ലാത്ത പക്ഷം പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മഹിള ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വനിത കമ്മീഷൻ സ്വതന്ത്ര ഭരണഘടനാസ്ഥാപനമാണ്. സ്ത്രീകളുടെ വിഷയങ്ങൾ മുന്നിലെത്തുമ്പോൾ ജാതി, മത, രാഷ്ട്രിയ വേർതിരിവില്ലാതെ നടപടിയെടുക്കുകയാണ് വേണ്ടത്. കമ്മീഷൻ അദ്ധ്യക്ഷയെ സ്ത്രീകൾ ബഹിഷ്‌കരിക്കണം. ജില്ല പ്രസിഡന്റ് ഷിജ ബിജു അദ്ധ്യക്ഷത വഹിച്ചു. വീഡിയോ കോൺഫറൺസ് യോഗത്തിൽ സംസ്ഥാന വൈ. പ്രസിഡന്റ് ഡോ.വിജയകുമാരി, ജില്ല ജന:സെക്രട്ടറി കബിത അനിൽകുമാർ, വൈ.പ്രസിഡന്റ് സുശീല മോഹൻ, പത്മജ രവീന്ദ്രൻ അംബികഗോപി , ജില്ല സംയോജക് പി.സി. ബാബു, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി ശിവദാസ് എന്നിവർ സംസാരിച്ചു.