കൊച്ചി: പുസ്തകവും പേനയുമായി അരമണിക്കൂർ ടിവിക്ക് മുന്നിൽ. പിന്നെ ഹോം വർക്ക്. ഓൺലൈൻ വഴിയുള്ള പുതിയ പാഠ്യരീതിയിൽ വിദ്യാർത്ഥികളെല്ലാം ഡബിൾ ഹാപ്പിയാണ്. എന്നാൽ ജില്ലയിലെ എല്ലാ കുട്ടികളിലേക്കും ഓൺലൈൻ ക്ലാസ് എത്തുന്നുണ്ടോ? ഇത് കണ്ടെത്താനും പരിഹാരിക്കാനും വാർഡ് തലത്തിൽ സമിതികൾ ഉടൻ രൂപീകരിക്കും.
കളക്ടറേറ്റിൽ നടന്ന ഓൺലൈൻ വിദ്യാഭ്യാസ അവലോകന യോഗത്തിൽ കളക്ടർ എസ്. സുഹാസാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
സൗകര്യങ്ങളില്ല എന്ന കാരണത്താൽ ആർക്കും വിദ്യാഭ്യാസം ലഭിക്കാതെ പോകരുത്. ഓൺലൈൻ ക്ലാസുകൾ ലഭിക്കാത്തവരുടെ വിവരങ്ങൾ ഉടൻ അറിയിക്കണം. വൈദ്യുതി കണക്ഷൻ ലഭിക്കാത്ത ഇടങ്ങളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയണം. അതിനും കഴിയാത്ത സാഹചര്യത്തിൽ സോളാർ വൈദ്യുതിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകുകയാണെന്നും കളക്ടർ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങുന്നതിനുള്ള മുഴുവൻ സഹായവും ജില്ലാ പഞ്ചായത്ത് നൽകാൻ തയാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പറഞ്ഞു. ജില്ലയിൽ ഇന്നലെ വരെ 444 വിദ്യാർത്ഥികൾക്കാണ് പഠന ഉപാധികൾ ലഭ്യമാകാത്തതായുള്ളത്. സമഗ്ര ശിക്ഷാ കേരളയുടെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ , ഊരു വിദ്യാകേന്ദ്രങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കുന്നതായി എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഉഷാ മാനാട്ട് അറിയിച്ചു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ 170 വായനശാലകൾ വഴിയും ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഉറിയപെട്ടി, തേര, കുഞ്ചിപ്പാറ, തലവച്ചപ്പാറ, മാണിക്കുടി, മീൻകുളം, മാപ്പിളപ്പാറ, വെളളാംകുത്ത്, ഞണ്ടുകുളം എന്നീ കോളനികളിലെ വിദ്യാർത്ഥികൾക്കാണ് ഇനി സൗകര്യങ്ങൾ ഒരുക്കേണ്ടത്. യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഹണി. ജി. അലക്‌സാണ്ടർ, എ.ഡി.പി. കെ.ജെ.ജോയ് , കുടുംബശ്രീ ഡി.പി.എം. അനൂപ് കെ.എം. തുടങ്ങിയവർ പങ്കെടുത്തു.