നെടുമ്പാശേരി: കാലവർഷം ശക്തമാകുന്നതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനുള്ള ഒരുക്കങ്ങൾ സിയാലിൽ ആരംഭിച്ചു. മഹാപ്രളയത്തെ തുടർന്ന് 2018ലും 2019ലും പ്രവർത്തനം നിർത്തിവെയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഇക്കുറി മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. 2018 ലേതിന് സമാനമായ പ്രളയമുണ്ടായാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തേണ്ടിവരും. എങ്കിലും പരമാവധി പ്രളയം ബാധിക്കാതിരിക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
#ഏഴോളം മോട്ടോർ പമ്പ് സെറ്റുകൾ സജ്ജം
പെരിയാറിൽ ജലനിരപ്പ് ഉയർന്ന് ചെങ്ങൽതോട് വഴി വെള്ളം റൺവേയ്ക്ക് സമീപം എത്തും. ഈ സമയം ശക്തമായ മഴയിൽ റൺവേയിലെ വെള്ളം ഒഴുകിപോകാതെ റൺവേയുടെ പ്രവർത്തനം തടസപ്പെടും. മാത്രമല്ല ചെങ്ങൽ തോടിൽ നിന്നും വെള്ളം റൺവേയിലേക്ക് ഉറവെടുക്കുകയും ചെയ്യും. ഇത് പരമാവധി പ്രതിരോധിക്കാൻ ഉയർന്ന കുതിര ശക്തിയുള്ള ഏഴോളം മോട്ടോർ പമ്പ് സെറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഇത്.
#നടപ്പിലാക്കുന്നത് കിറ്റ്‌കോയുടെ നിർദ്ദേശങ്ങൾ
2018ൽ തുടർച്ചയായി രണ്ടാഴ്ച്ചക്കാലവും 2019 ൽ മൂന്ന് ദിവസവും വിമാനത്താവളം പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സിയാലിനുണ്ടായത്. സിയിലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട് അടഞ്ഞു പോകുകയായിരുന്നു. ഇതോടെ നീരൊഴുക്ക് തടസപ്പെട്ട് സമീപ പ്രദേശങ്ങളിലേക്കും വെള്ളം കയറുന്നതും പതിവാണ്. 2018 ലെ പ്രളയത്തെ തുടർന്ന് കിറ്റ്‌കോ നടത്തിയ പഠനത്തിൽ കണ്ടെത്തി നിർദ്ദേശിച്ച പരിഹാര മാർഗ്ഗങ്ങളും ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്.
#പാലം നിർമ്മാണം പുരോഗമിക്കുന്നു
ചെങ്ങൽ തോടിൽ സോളാർ പാനലുകൾ സ്ഥാപിച്ചതിനെ തുടർന്ന് ഒഴുക്ക് തടസപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് കിലോമീറ്റർ നീളത്തിൽ സോളാർ പാനലുകൾ നീക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ചെങ്ങൽ തോടിന് കുറുകെ മൂന്ന് പാലങ്ങളും നിർമ്മിക്കുന്നുണ്ട്. തുറവുംകര കാഞ്ഞൂർ റോഡ്, തുറവുംകര ചെങ്ങൽ റോഡ്, തുറവുംകര ചെത്തിക്കോട് റോഡ് എന്നീ റോഡുകളിലാണ് പാലം നിർമ്മാണം പുരോഗമിക്കുന്നത്. നീരൊഴുക്ക് സുഗമമാക്കാൻ ചെങ്ങൽ തോട് ശുചീകരിച്ചിട്ടുണ്ട്.